മതിലിന്റെ അറ്റക്കുറ്റപ്പണികൾക്കുള്ള ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാവാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: ഇലക്ട്രിക് പോസ്റ്റിൽനിന്ന് സർവീസ് വയർ മുറിച്ചിട്ടപ്പോൾ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് രാധാനഗർ സ്വദേശി വിപ്‍ലമണ്ഡൽ (24) ആണ് മരിച്ചത്. വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കാതെയാണ് കെസ്ഇബി ജീവനക്കാർ പോസ്റ്റിൽ ജോലികൾ ചെയ്തിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെ ഗോവിന്ദമംഗലത്താണ് സംഭവം നടന്നത്. ഗോവിന്ദമംഗലത്ത് സന്തോഷിന്റെ വീട്ടിലേക്കുള്ള വൈദ്യുതി പോസ്റ്റിന്റെ സ്ഥാനം മാറ്റി വെയ്ക്കുന്ന ജോലികൾ നടന്നുവരവെ ജാർഖണ്ഡ് സ്വദേശി ഇതേ വീട്ടിലെ മതിലിന്റെ അറ്റകുറ്റപ്പണി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കെഎസ്ഇബി ജീവനക്കാർ മുറിച്ചിട്ട സർവീസ് വയർ അപ്രതീക്ഷിതമായി യുവാലിന്റെ ശരീരത്തിലേക്ക് വീണത്. ഷോക്കേറ്റ് തെറിച്ചു വീണ യുവാവിനെ കെഎസ്ഇബി ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. അപകടം ഉണ്ടായശേഷമാണ് സ്ഥലത്തെ വൈദ്യുതി മുഴുവനായി വിച്ഛേദിക്കാനുള്ള തീരുമാനം കെഎസ്ഇബി ജീവനക്കാർ എടുത്തതെന്ന് സമീപവാസികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം