ക്യാമ്പിലെ മെസ്സിൽ നൽകുന്ന കട്ടൻ ചായ നിർത്തലാക്കിയതാണ് തുടക്കം. ഇത് ചോദ്യം ചെയ്തതുമുതല്‍ അസിസ്റ്റന്‍റ് കമാൻഡന്‍റ് പ്രതികാര നടപടിയിലേക്ക് നീങ്ങിയെന്നാണ് മുബഷിറിന്‍റെ പരാതി. 

അരീക്കോട് : മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി. അരീക്കോട് എസ്.ഒ. ജി ക്യാമ്പിലെ പൊലീസുകാരൻ മുബഷിറിനെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. മേലുദ്ധ്യോഗസ്ഥര്‍ മാനസിക പീഡിപ്പിക്കുന്നുവെന്ന് പരാതിപെട്ടാണ് മുബഷിര്‍ വെള്ളിയാഴ്ച്ച നാട് വിട്ടത്.

ക്യാമ്പിലെ മെസ്സിൽ നൽകുന്ന കട്ടൻ ചായ നിർത്തലാക്കിയതാണ് തുടക്കം. ഇത് ചോദ്യം ചെയ്തതുമുതല്‍ അസിസ്റ്റന്‍റ് കമാൻഡന്‍റ് പ്രതികാര നടപടിയിലേക്ക് നീങ്ങിയെന്നാണ് മുബഷിറിന്‍റെ പരാതി. കടുത്ത മാനസിക സമ്മർദ്ദത്തില്‍ മുബാഷിർ ക്യാമ്പിൽ നിന്നിറങ്ങി നാട് വിടുകയായിരുന്നു.

പ്രയാസങ്ങളും പരാതിയും കത്തെഴുതിവെച്ചാണ് സ്ഥലം വിട്ടത്. ട്രെയിൻ മാർഗം തമിഴ്‌നാട്ടിലെ ഈറോഡെത്തി. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ട മുബഷിർ അവരുടെ നിർബന്ധത്തിന് വഴങ്ങി വടകരയിലെ വീട്ടിലേക്ക് വരികയായിരുന്നു.

മുബഷിറിനെ മാനസികമായി പീഡിപ്പിച്ച മേലുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഈ ആവശ്യവുമായി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.