കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സജീവൻ ഈ മാസം 16 ന് രാത്രി 8 മണിയോടു കൂടി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ മുക്കടക്ക് തെക്കുവശം അജന്താ ജംഗ്ഷനിൽ വെച്ച് പുറത്ത് അടിച്ച ശേഷം മൊബൈൽ കവർന്നിരുന്നു

കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം (Mobile Phone Robbery Gang) പിടിയിൽ. മുക്കടക്ക് തെക്ക് വശം ദേശീയ പാതയിൽ സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന പൊലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടുപോയ കേസിലും സമാന രീതിയിൽ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടു പോയ കേസിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മാഹീൻ (20), കൊല്ലം ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് വടക്കതിൽ സെയ്ദലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീൻ (21), കൊല്ലം മയ്യനാട് അലി ഹൗസിൽ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫർസാന മൻസിലിൽ യാസിൻ എന്ന് വിളിക്കുന്ന ഫർജാസ് (19), കൊല്ലം കോർപറേഷൻ മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത്.

അക്രമണ രീതി ഇങ്ങനെ

ഇരുചക്ര വാഹന യാത്രക്കാരുടെ ഇടതുവശത്തു കൂടി ബൈക്കിൽ ചെന്ന് പുറത്ത് അടിച്ച ശേഷം പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്ത് അമിത വേഗതയിൽ ബൈക്കിൽ കടന്നു കളയുന്നതാണ് ഇവരുടെ രീതി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സജീവൻ ഈ മാസം 16 ന് രാത്രി 8 മണിയോടു കൂടി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ മുക്കടക്ക് തെക്കുവശം അജന്താ ജംഗ്ഷനിൽ വെച്ച് പുറത്ത് അടിച്ച ശേഷം മൊബൈൽ ഫോൺ കവർച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

സജീവന്‍റെ മൊബൈലടക്കം കവർന്ന കേസിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കരീലക്കുളങ്ങര മുതൽ കൊല്ലം വരെയുള്ള വിവിധ സി സി ടി വി ദൃശ്യങ്ങളും നിരവധി ഫോൺ കോളുകളും മറ്റും പരിശോധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കായംകുളം സി ഐ മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി ഐ സുധിലാൽ, എസ് ഐ ഗിരീഷ്, പോലീസുകാരായ രജീദ്രദാസ്, ഗിരീഷ്, ഷാജഹാൻ, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, നിഷാദ്, മണിക്കുട്ടൻ, ഇയാസ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്.

മോഷ്ടിച്ചത് 68 ട്രാഫിക് ജംഗ്ഷനുകളിൽനിന്നായി 230-ലധികം ബാറ്ററികൾ, ദമ്പതികൾ പിടിയില്‍

പൊലീസ് വണ്ടി ഓടിക്കണമെന്ന സ്വപ്‍നം സാക്ഷാത്കരിക്കാന്‍ പൊലീസ് ജീപ്പ് മോഷ്‍ടിച്ചയാള്‍ പിടിയില്‍!