പിറന്നാൾ ആഘോഷം ഒഴിവാക്കി കാരുണ്യ പ്രവർത്തനത്തിനായി കുട്ടികൾ സ്വരുക്കൂട്ടിയ പണമാണ് മോഷ്ടാവ് കൊണ്ടുപോയത്

മലപ്പുറം: എടക്കുളം ചങ്ങമ്പള്ളി എഎംഎല്‍പി സ്‌കൂളില്‍ നടന്ന മോഷണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നല്‍കിയത്. ഒക്ടോബര്‍ 25ന് പകല്‍ സമയത്താണ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവികളില്‍ നിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സ്റ്റേഷനില്‍ എത്തി എസ് ഐക്ക് പരാതി സമര്‍പ്പിച്ചത്.

പിറന്നാൾ ആഘോഷം ഒഴിവാക്കി ശേഖരിച്ച പണം കവർന്ന് മോഷ്ടാവ് 

കുട്ടികള്‍ പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിനായ് മാറ്റി വെച്ച തുക സ്‌കൂളില്‍ എത്തിച്ച് പാവപ്പെട്ടവരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കാറാണ് പതിവ്. ഈ പണമാണ് മോഷ്ടാവ് കൊണ്ടുപോയത്. ഇത് വിദ്യാര്‍ഥികളെ വലിയ വിഷമത്തിലാക്കിയിരുന്നു. പ്രധാനാധ്യാപിക തബീഥ, ഇ. പി. സലീം, സി.പി. സുലൈമാന്‍, കെ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം വിദ്യാര്‍ഥികളായ ഹയ സനിയ, ഹന, ഫസീഹ് എന്നിവര്‍ ചേര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം