എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്
കോഴിക്കോട്: ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്. അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ ബിജു, സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ വീടിനകത്ത് കയറി സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വളാഞ്ചേരി പൊലീസ് പിടിയിലായി. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് പേരശ്ശന്നൂര്‍ വി.പി. അബ്ദുല്‍ ഗഫൂര്‍ (47) അറസ്റ്റിലായത്. ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പുട്ട് തകര്‍ത്താണ് രണ്ട് പവനോളം വരുന്ന സ്വര്‍ണമാല ബന്ധുവായ 17കാരന്‍ കവര്‍ന്നത്.


