അനധികൃതമായി പണമിടപാട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. 

അമ്പലപ്പുഴ: അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ അമ്പലപ്പുഴ തെക്കേനടയിൽ പുത്തൻപുരയിൽ നാരായണപിള്ള (65) ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

അനധികൃതമായി പണമിടപാട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ നാരായണപിള്ളയുടെ വീട്ടിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടർ അനീഷ് കെ ദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ വിവിധ ആളുകളിൽ നിന്ന് ഈടായി വാങ്ങിയ 150 ബാങ്ക് ചെക്കുകളും അഞ്ച് സ്റ്റാമ്പ് പേപ്പറുകളും രണ്ടു വസ്തു ആധാരങ്ങളും രണ്ട് ആർസി ബുക്കുകളും കണ്ടെടുത്തു. ഇയാൾ വർഷങ്ങളായി അമ്പലപ്പുഴയിലും പരിസരത്തും അനധികൃതമായി കൊള്ളപ്പലിശയ്ക്കു പണം കടംകൊടുക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. 

READ MORE: വീടിന് മുന്നിൽ വെച്ച് വാക്കേറ്റം; അളിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ