. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുട്ടികളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസവും ആറ് വയസുമുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അമ്മയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി, മക്കളായ ആറ് മാസം പ്രായമുള്ള വൈഭവ്, 6 വയസുകാരന്‍ കശ്യപ് എന്നിവരാണ് മരിച്ചത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായ നിധീഷ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിലേക്ക് ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അയല്‍ക്കാരെ നിധീഷ് വിവരം അറിയിച്ചു. അയല്‍ക്കാരാണ് വീട്ടിലെ കിണറില്‍ അനന്തലക്ഷ്മിയും കുട്ടികളും വീണ് കിടക്കുന്നത് കണ്ടത്. അനന്ത ലക്ഷ്മിയുടെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു കുട്ടികള്‍. സംഭവം അറിഞ്ഞെത്തിയ അയല്‍വാസി ആറ് മാസം പ്രായമുള്ള വൈഭവിനെ കിണറ്റിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് അനന്ത ലക്ഷ്മിയേയും മൂത്ത കുട്ടിയേയും പുറത്തെടുത്ത്. ഇവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലക്കാട് സ്വദേശിയാണ് അനന്തലക്ഷ്മി. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ വടകര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വടകര തഹസീല്‍ദാറിന്‍റെ നേതൃത്ത്വത്തിലാണ് ഇന്‍ക്വസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)