പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അമ്മയെ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. രണ്ടര വർഷത്തോളം പീഡനത്തിന് കൂട്ടുനിന്നത് അമ്മയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒന്നാം പ്രതിയായ വ്യവസായിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
പയ്യോളി:പയ്യോളിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന. കോഴിക്കോട് നിന്നാണ് ഇവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസിൽ ഒന്നാം പ്രതിയായ വടകര സ്വദേശിയും വ്യവസായ പ്രമുഖനുമായ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) പിടികൂടാനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കി. ഇയാൾ ജനുവരി ആദ്യവാരം വിദേശത്തേക്ക് കടന്നതായാണ് വിവരം.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി താൻ അനുഭവിച്ച കൊടിയ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി മാതാവിന്റെ സുഹൃത്തായ അബ്ദുൾ റഫീഖ് പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. ഇതിനെല്ലാം മാതാവ് കൂട്ടുനിന്നതായും പയ്യോളി പൊലീസ് ഇൻസ്പെക്ടർ ജിതേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ജനുവരി 17ന് സ്കൂൾ അധികൃതർ പൊലീസിനെ സമീപിച്ചു. തുടർന്ന് ചൈൽഡ് ലൈൻ വിവരങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ മാതാവും അബ്ദുൾ റഫീഖും ഒളിവിൽ പോയിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ അമ്മയെ പോലീസ് വലയിലാക്കിയത്. കേസിലെ ഒന്നാം പ്രതിയായ റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യം തന്നെ വിദേശത്തേക്ക് പോയതായാണ് പൊലീസ് അറിയിക്കുന്നത്. ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.നിലവിൽ പതിമൂന്നുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.


