പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ കൺട്രോൾ റൂമിലാണ് വ്യാജ സന്ദേശം വിളിച്ചറിയിച്ചത്. തുടർന്ന് മൊബൈൽ ഫോൺസ്വിച്ച് ഓഫാക്കി സിം കാർഡ് ഊരി ഷർട്ടിന്റെ മടക്കിൽ ഒളിപ്പിച്ച് വിവരം നൽകിയയാൾ മുങ്ങി. ഉന്നതങ്ങളിൽ നിന്ന് കൊലപാതക സന്ദേശം ലഭിച്ചതോടെ ഉറവിടം തേടി നെട്ടോട്ടമോടി വിഴിഞ്ഞം പൊലീസ്.
തിരുവനന്തപുരം: ജ്യേഷ്ടനോടുള്ള വൈരാഗ്യം തീർക്കാൻ അനുജൻ നടത്തിയ കടുംകൈ പ്രയോഗം പൊലീസിന് (Kerala Police) തലവേദനയായി. അമ്മയെ സഹോദരൻ കൊലപ്പെടുത്തിയെന്ന വ്യാജ സന്ദേശമാണ് (Fake Message) വിഴിഞ്ഞം പൊലീസിനെ വട്ടംചുറ്റിച്ചത്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ കൺട്രോൾ റൂമിലാണ് (Police Control Room) വ്യാജ സന്ദേശം വിളിച്ചറിയിച്ചത്. തുടർന്ന് മൊബൈൽ ഫോൺസ്വിച്ച് ഓഫാക്കി സിം കാർഡ് ഊരി ഷർട്ടിന്റെ മടക്കിൽ ഒളിപ്പിച്ച് വിവരം നൽകിയയാൾ മുങ്ങി. ഉന്നതങ്ങളിൽ നിന്ന് കൊലപാതക സന്ദേശം ലഭിച്ചതോടെ ഉറവിടം തേടി വിഴിഞ്ഞം പൊലീസ് നെട്ടോട്ടമോടി.
മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ സന്ദേശമയച്ചയാളിനെ പിടികൂടിയതോടെയാണ് കൊലപാതക നാടകത്തിന് തിരശ്ശീല വീണത്. ഇത് പൊലീസിനും ആശ്വാസമായി. വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതിൽ വീട്ടിൽ ജോസ് എന്ന് വിളിക്കുന്ന അജികുമാർ (51) ആണ് സഹോദരന് പാര പണിയാൻ വ്യാജ സന്ദേശമയച്ചത്. മദ്യപാനത്തിന്റെ പേരിൽ സഹോദരനുമായി പിണങ്ങിയ അജികുമാർ ഇന്നലെ രാവിലെയാണ് സഹോദരൻ അമ്മ ബേബിയെ കൊലപ്പെടുത്തി വീടിനുള്ളിൽ തള്ളിയതായി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിച്ചത്.
ചൊവ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവമെന്നും പറഞ്ഞു. തുടർന്ന് മൊബൈൽ ഫോണും സ്വിച്ച് ഓഫായതോടെ ദുരൂഹത വർദ്ധിച്ചു. ഒന്നര മാസത്തിനുള്ളിൽ രണ്ട് കൊലപാതകം നടന്ന വിഴിഞ്ഞം സ്റ്റേഷൻ പരിധിക്കുള്ളിൽ മൂന്നാമതും കൊലപാതകമെന്ന് കേട്ടതോടെ വിഴിഞ്ഞം പൊലീസും ഞെട്ടി.എസ്.ഐ.അജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചൊവ്വര ഭാഗത്ത് രാവിലെ മുതൽ അരിച്ച് പെറുക്കി. മൊബൈൽ പ്രവർത്തനരഹിതമായതോടെ ഒരുവേള അന്വേഷണവും വഴിമുട്ടി. തുടർന്ന് കൺട്രോൾ റൂമിലേക്ക് വിളിച്ചഫോൺ നമ്പർ പരിശോധിച്ചതിൽ നിന്ന് സിം കാർഡ് ബേബിയുടെ പേരിലാണെന്ന് പോലീസിന് മനസിലായി.
നാട്ടുകാരിൽ ചിലരുടെയും ജനപ്രതിനിധിയുടെയും സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബേബിയുടെ വീട് കണ്ട് പിടിച്ചു. അന്വേഷണവുമായി പൊലീസ് എത്തുമ്പോഴാണ് തന്നെക്കുറിച്ച്മകൻ വ്യാജസന്ദേശമറിയിച്ചത് മാതാവ് അറിയുന്നത്.കൊലപാതകമല്ലെന്ന് മനസിലാക്കി ആശ്വാസത്തിലായ പൊലീസ് അജികുമാറിനെ തപ്പിയിറങ്ങി. തിരച്ചിലിനൊടുവിൽ വീടിന് സമീപത്തു നിന്ന് തന്നെ ഇയാളെ പിടികൂടി ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. പൊലീസിനെ വ്യാജസന്ദേശമയച്ച് പറ്റിച്ചതിന് കേരള പോലീസ് ആക്ട് 117 ഡി പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു..
