തനിക്കെതിരെ ഒരു പ്രമുഖ നടനും ഭാര്യയും പണം നൽകി നെഗറ്റീവ് പിആർ ചെയ്യുന്നതായി ഇൻസ്റ്റാഗ്രാം ലൈവിൽ ജോജു പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് ആരാണെന്നുള്ള സൂചന നൽകിയിരിക്കുകയാണ് ലക്ഷ്മി മേനോൻ.

കഴിഞ്ഞ ദിവസം വരവ് സിനിമയുമായി ബന്ധപ്പെട്ട് നടൻ ജോജു നടത്തിയ ഇൻസ്റ്റാഗ്രാം ലൈവ് വലിയ ചർച്ചയായിരുന്നു. തനിക്കെതിരെ മലയാള സിനിമയിലെ പ്രമുഖ നടന്നും ഭാര്യയും പണം നൽകി നെഗറ്റിവ് പിആർ ചെയ്യുന്നുവെന്നായിരുന്നു ജോജുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ ജോജു പറഞ്ഞ നടനും ഭാര്യയും ആരാണെന്ന് തരത്തിലുള്ള ചർച്ചകൾ ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അരങ്ങേറി. ഇപ്പോഴിതാ ജോജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടിയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും അവതാരകൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോൻ രംഗത്തെത്തിയിരിക്കുകയാണ്.

ജോജു പരാമർശിച്ച ആ പ്രമുഖ നടനും ഭാര്യയും ആരാണെന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോൾ ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഇത് ആ പെൺകോന്തന്റെയും അവളുടെയും സ്ഥിരം പരിപാടി അല്ലേ, നമ്മൾ അതിനും മുകളിൽ ആണ് ചേട്ടാ' എന്നായിരുന്നു ലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി. എന്നാൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്മി മേനോൻ സ്റ്റോറി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്തായാലും സിനിമ ലോകത്ത് പുതിയ ചർച്ചകൾക്കാണ് ജോജുവിന്റെ വെളിപ്പെടുത്തൽ വഴിതുറന്നിരിക്കുന്നത്. ജോജു പരാമർശിച്ച നടൻ ആരാണെന്ന തരത്തിലുള്ള ചർച്ചകൾ റെഡിറ്റിൽ സജീവമാണ്.

വരവ്

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് സിനിമയ്‌ക്കെതിരെ നടക്കുന്ന 'നെഗറ്റിവ്' ക്യാംപെയ്‌നെതിരെയും താരം ലൈവിൽ സംസാരിക്കുകയുണ്ടായി. നടനെയും ഭാര്യയെയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും തനിക്കെതിരെ പെയ്ഡ് പി.ആർ ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ജോജു ജോർജ് - ഷാജി കൈലാസ് കോംബോ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു വരവ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

YouTube video player