Asianet News MalayalamAsianet News Malayalam

രണ്ട് വര്‍ഷമായി ടാക്സും ഇൻഷുറൻസും ഫിറ്റ്നസും ഇല്ല; സ്കൂള്‍ ട്രിപ്പ് നടത്തിയ മിനി ബസ് പിടിച്ചെടുത്തു

രണ്ട് വർഷമായി ബസിന് മോട്ടോർ വാഹന വകുപ്പിന്‍റെ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ടാക്സും ഇൻഷുറൻസും അടച്ചിട്ടില്ല. 

Motor vehicle department impound unfit mini bus without paying tax and insurance
Author
First Published Nov 30, 2022, 2:01 PM IST


ഹരിപ്പാട്: രണ്ട് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഓടുകയായിരുന്ന മിനി ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. സ്കൂളിലേക്ക് കുട്ടികളുമായുള്ള യാത്രയ്ക്കിടെയാണ് സംഭവം. ബസില്‍ ഈ സമയമുണ്ടായിരുന്ന 25 കുട്ടികളെയും മറ്റൊരു ബസിൽ സ്കൂളിലെത്തിച്ചു. കാർത്തികപ്പള്ളി ഹോളിട്രിനിറ്റി സ്കൂളിൽ കുട്ടികളെ എത്തിച്ചിരുന്ന തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് നൈസാമിന്‍റെ മിനി ബസാണ്  മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. 

ഡാണാപ്പടിയിൽ നിന്ന് കാർത്തികപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കായംകുളം ജോയന്‍റ് ആർ ടി ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ബിജുവാണ് നടപടി സ്വീകരിച്ചത്. രണ്ട് വർഷമായി ഈ ബസിന് മോട്ടോർ വാഹന വകുപ്പിന്‍റെ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ടാക്സും ഇൻഷുറൻസും അടച്ചിട്ടില്ല. ഇതേ തുടര്‍ന്ന് നിയമ ലംഘനത്തിന് 11,000 രൂപ പിഴ ഈടാക്കി. ബസ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇൻഷുറൻസും ടാക്സും അടയ്ക്കുകയും നിയമപരമായി ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താൽ മാത്രമേ ബസ് വിട്ടുകൊടുക്കുകയുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബസ് പരിശോധിച്ചത്. ഇതേ രീതിയിൽ നിയമ വിരുദ്ധമായി സർവീസ് നടത്തുന്ന കൂടുതൽ വാഹനങ്ങളുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. പരിശോധന തുടരുമെന്നും കുട്ടികളെ സ്കൂളിൽ അയയ്ക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും അധികൃതർ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്:  വിനോദയാത്രക്കാരുടെ ശ്രദ്ധക്ക്, ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം; പുതിയ നടപടിക്രമങ്ങളെക്കുറിച്ച്...

കൂടുതല്‍ വായനയ്ക്ക്:  വടക്കഞ്ചേരി ബസ് അപകടം:'കെഎസ്ആര്‍ടിസി ബസിന്‍റെ ഭാഗത്തും പിഴവ്',മോട്ടോര്‍ വാഹനവകുപ്പിന്‍റെ അന്തിമ റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios