കോഴിക്കോട് മുക്കത്ത് തിരുവോണ ദിവസം വയോധികനെ ഇടിച്ച് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. അമ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് മലപ്പുറം സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
കോഴിക്കോട് മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി അബ്‌ദുസലാമിനെയാണ് കാർ സഹിതം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവോണ ദിവസം റേഷൻ വ്യാപരിയായ നെല്ലിക്കപറമ്പ് സ്വദേശി അഹമ്മദ് കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാർ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്. അമ്പതോളം സിസിടിവി ക്യാമറകളാണ് കാർ കണ്ടെത്താനായി പൊലീസ് പരിശോധിച്ചത്. അപകടത്തിൽ വലതു കാലിനു ഗുരുതരമായി പരിക്ക് പറ്റിയ അഹമ്മദ് കുട്ടി അരീക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


