ഉല്ലാസയാത്രയുടെ ഭാഗമായി ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി സന്ദര്‍ശിക്കുകയും, മെട്രോ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു
തൃശൂര്‍: തൃശൂര്‍ മുളങ്കുന്നത്തുകാവ് പീസ് ഹോമിലെ കിടപ്പുരോഗികളായ മക്കള്‍ക്ക് ഉല്ലാസയാത്ര. മറക്കാനാവാത്ത അനുഭവമായി മാറി. അത്താണി പെരിങ്ങണ്ടൂരിലെ പോപ്പ് ജോണ്‍ പോള്‍ പീസ് ഹോമില്‍ കിടപ്പുരോഗികളായി കഴിയുന്ന, വീല്‍ചെയര്‍ ആശ്രയിക്കുന്ന മക്കള്‍ക്കായി തിരൂര്‍ സ്വദേശിനിയായ കൊച്ചുത്രേസ്യ ടീച്ചറുടെ ആഗ്രഹപ്രകാരം സംഘടിപ്പിച്ച ഉല്ലാസയാത്ര ഹൃദയസ്പര്‍ശിയായ അനുഭവമായി. വീല്‍ചെയറിന്റെ പരിമിതികളില്‍നിന്ന് പുറത്തേക്ക് കടന്ന യാത്ര മക്കള്‍ക്ക് പുതിയൊരു ലോകം തുറന്നു.
ഉല്ലാസയാത്രയുടെ ഭാഗമായി ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി സന്ദര്‍ശിക്കുകയും, മെട്രോ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു. മെട്രോ യാത്ര അവര്‍ക്ക് ആദ്യ അനുഭവമായതിനാല്‍ അതീവ സന്തോഷവും ആവേശവും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ചെറായി ബീച്ചിലെത്തിയ സംഘം കടല്‍ത്തീരത്ത് സമയം ചെലവഴിച്ചു.
ഡയറക്ടര്‍ ഫാദര്‍ ജോണ്‍സണ്‍ ചാലിശേരി, സിസ്റ്റര്‍ ആലീസ്, സിസ്റ്റര്‍ ഷീല, സിസ്റ്റര്‍ ലിജി, സിസ്റ്റര്‍ സിമി, സിസ്റ്റര്‍ അന്നക്കുട്ടി എന്നിവര്‍ യാത്രയില്‍ സഹായികളായി. രോഗികളെ വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും ത്യാഗപൂര്‍വം സേവനം ചെയ്ത വളണ്ടിയേഴ്‌സ് ആയ ആന്റണി, അലിസ്റ്റിന്‍, ബ്ലെമിന്‍, ബിന്റോ, സീത എന്നിവര്‍ യാത്രയുടെ ഭാഗമായി.


