നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി, റിബൽ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടിവിയിൽ കാൽ കഴുകി അത് തകർത്തു. ഈ പ്രകോപനപരമായ വിജയാഘോഷം കോൺഗ്രസ് - ലീഗ് പ്രവർത്തകർ തമ്മിലുള്ള വാക്ക് തർക്കത്തിലും തുടർന്ന് കൈയാങ്കളിയിലും കലാശിച്ചു.
കൊച്ചി: വിജയിച്ച സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥിയുടെ ചിഹ്നമായ ടിവിയിൽ വെച്ച് കാൽ കഴുകിയതിനെ തുടർന്ന് കളമശ്ശേരിയിൽ സംഘർഷം. കളമശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥിയാണ് തനിക്കെതിരേ റിബൽ സ്ഥാനാർഥിയായി മത്സരിച്ചയാളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടിവിയിൽ കാൽവെച്ച് കഴുകുകയും തുടർന്ന് അത് തകർക്കുകയും ചെയ്തത്. ഇതോടെ സ്ഥലത്ത് കോൺഗ്രസ് - ലീഗ് പ്രവർത്തകർ തമ്മിൽ തുടങ്ങിയ വാക്ക് തർക്കം കൈയാങ്കളിയിലാണ് അവസാനിച്ചത്.
മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്ഥിതി വഷളാകാതെ നിയന്ത്രിച്ചത്. യു.ഡി.എഫ് വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് നഗരസഭാ ഓഫീസിന് മുന്നിൽ സംഭവം നടന്നത്. വിജയാഘോഷത്തിനിടെ, പ്രവർത്തകർ കൊണ്ടുവന്ന ടിവിയിൽ റിയാസ് കാൽ വെച്ച് കുപ്പി വെള്ളം ഉപയോഗിച്ച് രണ്ട് കാലുകളും കഴുകി. തുടർന്ന് പ്രവർത്തകർ ടിവി തകർക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകരും ലീഗ് പ്രവർത്തകരും തമ്മിൽ കൈയാങ്കളിയിലേക്ക് കടക്കുകയായരുന്നു. നഗരസഭയിലെ 43-ാം വാർഡായ കെബി പാർക്കിൽ മുസ്ലിം ലീഗ് സ്ഥാനാർഥി കെഎ റിയാസാണ് വിജയിച്ചത്. മുൻപ് സംവരണ വാർഡായിരുന്ന ഇവിടെ കൗൺസിലറായിരുന്ന കെവി പ്രശാന്ത്, നിലവിലെ അംഗമെന്ന നിലയിൽ കെബി പാർക്ക് വാർഡിൽ മത്സരിക്കാൻ അവസരം ആവശ്യപ്പെട്ടെങ്കിലും, റിയാസിനെ സ്ഥാനാർഥിയാക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചതോടെയാണ് പ്രശാന്ത് റിബൽ സ്ഥാനാർഥിയായി മത്സരിച്ചത്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രശാന്തിനെ പിന്തുണയ്ക്കുകയും ചെയ്തു. പ്രശാന്തിന് ‘ 'ടെലിവിഷൻ’ ചിഹ്നമാണ് ലഭിച്ചത്. റിയാസിന്റെ വിജയത്തിന് പ്രശാന്ത് ഭീഷണിയാകുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ റിയാസ് 523 വോട്ടുകൾ നേടി വിജയിച്ചു. രണ്ടാം സ്ഥാനത്തെത്തിയ പ്രശാന്തിന് 264 വോട്ടുകളും, മൂന്നാം സ്ഥാനത്തായ സിപിഎം സ്ഥാനാർഥിക്ക് 262 വോട്ടുകളുമാണ് ലഭിച്ചത്.


