ഫൈൻ അടപ്പിച്ച ശേഷം യുവാവിനെകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും ചെയ്യിച്ചു എം വി ഡി
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ വെട്ടിച്ചു കടന്ന യുവാവിനെ എം വി ഡി തന്ത്രപൂർവം പിടികൂടി. വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാവ് ആദ്യം ചീറിപാഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് ഈ വാഹനം എം വി ഡി പിടികൂടുകയായിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴയും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും, വാഹനം നിർത്താതെ പോയതിന് ₹1000 പിഴയും, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയും ആണ് എം വി ഡി പിഴ ചുമത്തിയത്. മാത്രമല്ല യുവാവിനെകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും ചെയ്യിച്ചു.
വീഡിയോ കാണാം

പിക്കപ്പ് വണ്ടി 'ഹെൽമെറ്റ്' ഇല്ലാതെ ഓടിച്ചതിന് പിഴ! ഒടുവിൽ എംവിഡി വിശദീകരണം
അതേസമയം ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ചെന്ന് കാണിച്ച് പിക്കപ്പ് വാഹനത്തിന് പിഴ നോട്ടീസ് അയച്ച സംഭവത്തിൽ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് രംഗത്തെത്തി എന്നതാണ് മറ്റൊരു വാർത്ത. വണ്ടി നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്നും നോട്ടീസ് പിൻവലിച്ചുവെന്നും എം വി ഡി അറിയിച്ചു. ആറ്റിങ്ങൽ ആർ ടി ഒയിലെ ഉദ്യോഗസ്ഥനാണ് പിഴവ് സംഭവിച്ചത്. പിഴ പിൻവലിച്ച വിവരം വാഹന ഉടമയായ ബഷീറിനെ വിളിച്ച് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് വിചിത്ര നോട്ടീസ് അയച്ച വിവരം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീന് പിക് അപ്പ് വാനിന് ഹെൽമെറ്റ് ഇല്ലാതെ വാഹമോടിച്ചെന്ന് കാണിച്ച് പിഴ ചുമത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങൽ ഓഫീസിൽ നിന്ന് സന്ദേശമെത്തിയത്. ഹെൽമറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമായിരുന്നു പിക്കപ്പ് വാൻ രജിസ്ട്രേഷൻ നമ്പറിൽ ചെലാൻ നോട്ടീസ്. 500 രൂപ പിഴ ഒടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
