Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ പുതിയ 'സെല്‍ഫി പോയിന്‍റ്' തുറന്ന് നഗരസഭയുടെ പൂന്തോട്ടം

ഒന്നരമാസത്തിലേറെയായി വിരിഞ്ഞ് നിൽക്കുന്ന ബന്ദിത്തോട്ടം പരമാവധി മൂന്ന് ആഴ്ച കൂടി ഇതേ ഭംഗിയിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

New Selfie Point opened in Alappuzha Municipal Garden
Author
First Published Oct 3, 2022, 9:51 AM IST

ആലപ്പുഴ:  യാത്രക്കാർക്ക് കണ്ണിനും മനസിനും കുളിർമയയായി നഗരഹൃദയത്തിലെ ബന്ദി തോട്ടം. ആലപ്പുഴ നഗരസഭയുടെ പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായി കളർകോട് ബൈപ്പാസ് ഡിവൈഡറിൽ ആരംഭിച്ച പൂ കൃഷിയാണ് മാസങ്ങൾക്കിപ്പുറം മനോഹരമായത്. മഞ്ഞയും ഓറഞ്ചും ഇടകലർന്ന് തിങ്ങി നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം യാത്രക്കാർക്കും യുവാക്കൾക്കും ഇന്ന് സെൽഫി പോയിന്‍റ് കൂടിയാണ്. ദിവസവും നിരവധി പേരാണ് ഇവിടെ ഇറങ്ങി ഫോട്ടോയും വീഡിയോയും പകർത്തുന്നത്. ബൈപ്പാസ് കൂടാതെ നഗരസഭയുടെ കീഴിലുള്ള നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പൂക്കളും മറ്റും വച്ച്പിടിച്ച് മനോഹരമാക്കിയിട്ടുണ്ട്. 

ഓണക്കാലത്ത് പൂക്കൾ വില്പനയ്ക്കായി ഇറുത്തെങ്കിലും തോട്ടത്തിന്‍റെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ പൂർണമായും എടുത്തില്ല. ഒന്നരമാസത്തിലേറെയായി വിരിഞ്ഞ് നിൽക്കുന്ന ബന്ദിത്തോട്ടം പരമാവധി മൂന്ന് ആഴ്ച കൂടി ഇതേ ഭംഗിയിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂക്കൾ കൊഴിയുന്നതോടെ പുതിയ ചെടികൾ നടും. എന്നാല്‍, അടുത്ത തവണ ബന്ദി ചെടികൾ തന്നെ ആകണമെന്നില്ല. കാഴ്ചയിൽ ആകർഷണീയ പൂക്കളുള്ള ചെടികളേതുമാകാം. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കും പ്രദേശത്തെ കുടുംബശ്രീ അംഗങ്ങൾക്കുമാണ് പരിചരണ ചുമതല. 

കളർകോട് ബൈപ്പാസ് ഡിവൈഡർ കൂടാതെ നഗരത്തിലെ രണ്ട് പൊലീസ് സ്റ്റേഷനുകൾ, 42 വിദ്യാലയങ്ങൾ, വിവിധ വാർഡുകൾ, കൊമ്മാടി ഭാഗത്തെ ബൈപ്പാസ് ഓരം, ബീച്ചിന് സമീപം എന്നിവിടങ്ങളിലും നഗരസഭയുടെ പൂന്തോട്ടങ്ങൾ വിടർന്ന് നിൽക്കുകയാണ്. ബന്ദിയുടെ സീസൺ അവസാനിക്കുന്നതോടെ അടുത്ത കൃഷി ആരംഭിക്കുമെന്നും പ്രതീക്ഷിച്ചതിലും വലിയ കാഴ്ചവിരുന്നാണ് ബന്ദിത്തോട്ടം സമ്മാനിക്കുന്നതെന്നും നഗരസഭാ വൈസ് ചെയർമാൻ പി എസ്  എം ഹുസൈൻ പറഞ്ഞു . ധാരാളം പേരാണ് ഇവിടെ ഫോട്ടോ എടുക്കാൻ മാത്രമായി എത്തുന്നത്.  നഗരകവാടം ആയതിനാൽ സ്വാഗതം ആശംസിക്കുന്ന തരത്തിൽ ആകർഷണീയമായ ചെടികള്‍ വീണ്ടും നടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Follow Us:
Download App:
  • android
  • ios