Asianet News MalayalamAsianet News Malayalam

സൗകര്യങ്ങളായി, പക്ഷേ പ്രവേശനം ഇക്കുറിയുമില്ല; അവഗണിക്കപ്പെട്ട് കോന്നി മെഡിക്കൽ കോളേജ്

പൂർണമായും പണി തീർന്ന അക്കാദമിക് ബ്ലോക്ക് 300 കിടക്കകളോട് കൂടിയ ആശുപത്രി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഒരുങ്ങി. എന്നാൽ വിദ്യാർത്ഥി പ്രവേശനത്തിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണ്

no admission for in konni medical college this year too
Author
Pathanamthitta, First Published May 6, 2019, 3:56 PM IST

പത്തനംതിട്ട: കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആയെങ്കിലും കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി പ്രവേശനം ഇക്കുറിയും ഉണ്ടാകില്ലെന്നുറപ്പായി. ഇടുക്കി മെഡിക്കൽ കോളേജിലെ 50 സീറ്റുകളിൽ പ്രവേശനം അനുവദിക്കുന്നതിന് അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ സമീപിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തെങ്കിലും കോന്നിയെ ഇനിയും പരിഗണിച്ചില്ല. കോന്നി മെഡിക്കൽ കോളേജിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.

പൂർണമായും പണി തീർന്ന അക്കാദമിക് ബ്ലോക്ക് 300 കിടക്കകളോട് കൂടിയ ആശുപത്രി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഒരുങ്ങി. എന്നാൽ വിദ്യാർത്ഥി പ്രവേശനത്തിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണ്. ഇടുക്കിയിൽ നേരത്തെയുണ്ടായിരുന്ന 50 എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നടത്തുന്നതിന് അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ സമീപിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം തീരുമാനമെടുത്തെങ്കിലും കോന്നിയുടെ കാര്യത്തിൽ സർക്കാർ ഒരു നടപടിയും എടുത്തില്ല. 

ഇവിടെ നിയമിച്ചിരുന്ന ജീവനക്കാരുൾപ്പെടെയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കോന്നിയിൽ 100 സീറ്റുകളിലേക്ക് പ്രവേശനാനുമതി തേടി അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ സമീപിച്ചിരുന്നു. മെഡിക്കൽ കൗൺസിലിന്‍റെ പരിശോധനയിൽ അക്കാദമിക് ബ്ലോക്കും ആശുപത്രിയും പൂർത്തിയാകാത്തതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ഹിന്ദുസ്ഥാൻ ലാറ്റക്സ് ആണ് കോന്നി മെഡിക്കൽ കോളേജിന്‍റെ നിർമ്മാണം നടത്തിയത്. നബാർഡിൽ നിന്ന് 142 കോടിയും ബജറ്റ് വിഹിതമായി 25 കോടിയും കോന്നി മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios