പ്രവേശനോത്സവം ആഘോഷമാക്കുന്ന സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പരാതി

തൃശൂർ: സംസ്ഥാന പ്രവേശനോത്സവം ആഘോഷമായി തൃശൂരില്‍ നടക്കാനിരിക്കെ, വർഷങ്ങളായി ശമ്പളം കിട്ടാത്തതിന്‍റെ ദുരിതത്തിലാണ് എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമില്ലാത്ത അധ്യാപകര്‍. തൃശ്ശൂർ കോർപ്പറേഷന് മുന്നിൽ തെരുവിൽ ക്ലാസെടുത്തായിരുന്നു അധ്യാപകരുടെ പ്രതിഷേധം.

2016 ൽ കേരള വിദ്യാഭ്യാസ ചട്ടത്തിൽ വരുത്തിയ മാറ്റം പ്രകാരം എയിഡഡ് സ്കൂളുകളിൽ അധിക തസ്തികകളിൽ നിയമനം നടത്തുമ്പോൾ ഒരു സംരക്ഷിത അധ്യാപകന് ആനുപാതികമായി ഒരു അധ്യാപകനെ നിയമിക്കാം എന്നാണ് ചട്ടം. ഇത് കണക്കിലെടുക്കാതെ മാനേജ്മെന്‍റുകൾ നിയമനങ്ങളുമായി മുന്നോട്ട് പോവുകയാണ്. 

ഈ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ അംഗീകാരമില്ല. ഇതോടെ പ്രതിസന്ധിയിലായത് അംഗീകാരമില്ലാത്ത അധ്യാപകരാണ്. ഫലത്തിൽ നാല് വർഷത്തിലേറെയായി ഇവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു.

മൂവായിരത്തിൽ ഏറെ അദ്ധ്യാപകരാണ് സംസ്ഥാനത്ത് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. പ്രവേശനോത്സവം ആഘോഷമാക്കുന്ന സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പരാതി.