റോഡ് ഉള്‍പ്പെടുന്ന ഭൂമി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം

മലപ്പുറം: സ്വന്തം വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോള്‍ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂര്‍ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഴയൂര്‍ സ്വദേശി ഗോപാലനും കുടുംബവുമാണ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തി ഭീഷണി മുഴക്കിയത്. സ്വന്തം വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ നിരന്തരം കയറി ഇറങ്ങുകയാണെന്ന് ഗോപാലനും കുടുംബവും പറയുന്നു. എന്നാല്‍ റോഡ് ഉള്‍പ്പെടുന്ന ഭൂമി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണമെന്നും കുടുംബം ആരോപിച്ചു. സംഭവമറിഞ്ഞ് വാഴക്കാട് പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി കുടുംബവുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കുടുംബം പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം