പിഞ്ചു കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തി സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടം പൂർണ്ണമായി പൊളിച്ച് മാറ്റി
ചാലിശ്ശേരി: പെരുമണ്ണൂർ ജിഎൽപി സ്കൂളിനടുത്ത് പിഞ്ചു കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തി സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടം പൂർണ്ണമായി പൊളിച്ച് മാറ്റി. പുതിയ അങ്കണവാടി കെട്ടിടത്തിന് സമീപം അപകടാവസ്ഥയിൽ സ്ഥിതി ചെയ്തിരുന്ന ജീർണ്ണിച്ച പഴയ കെട്ടിടം പൊളിച്ച് മാറ്റാത്തതിനാൽ കുട്ടികളോട് അങ്കണവാടിയിലേക്ക് വരല്ലേ എന്നപേക്ഷിക്കുന്ന അങ്കണവാടി അധ്യാപിക രമ ടീച്ചറുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.
നിരവധി തവണ പരാതി പഞ്ചായത്തിൽ നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും ടീച്ചറുടെ ശബ്ദസന്ദേശത്തിലുണ്ട്. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ അടുത്ത ദിവസം തന്നെ കെട്ടിടം പൊളിച്ച് മാറ്റാൻ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് ചാലിശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് കെട്ടിടം പൂർണ്ണമായി നീക്കം ചെയ്തു. നാളെ മുതൽ അംഗൻ വാടിയിലേക്ക് കുട്ടികൾ വന്ന് തുടങ്ങും
ഏത് നിമിഷവും നിലം പതിക്കാറായ ഈ കെട്ടിടത്തിനരികിലൂടെ വേണം കുട്ടികൾ തങ്ങളുടെ പുതിയ അങ്കണവാടി കെട്ടിടത്തിലേക്കെത്താൻ. ജീർണ്ണിച്ച് അപകടാവസ്ഥയിലായിട്ടും കെട്ടിടം പൊളിച്ച് മാറ്റിയിരുന്നില്ല. കെട്ടിടം പൊളിക്കാൻ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കിയിരുന്നില്ല. ഇതോടെയാണ് രക്ഷിതാക്കളോട് കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുതെന്ന് അങ്കണവാടി ടീച്ചർ രമാദേവി ടീച്ചർ അപേക്ഷിച്ചത്. ഇത് മന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തുകയായിരുന്നു.
