ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ബെയറിങ് മാറ്റുന്നതിനായി ശനിയാഴ്ച മുതല്‍ 20 ദിവസത്തേക്ക് അടച്ചിടും. ഇതോടെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം പാലം അടയ്ക്കുന്നത് യാത്രാദുരിതം വർദ്ധിപ്പിക്കും.
തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ശനിയാഴ്ച മുതല്‍ വീണ്ടും അടച്ചിടും. ഹെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായാണ് ഇപ്പോള്‍ പുഴ പാലം അടയ്ക്കുന്നത്. പാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ക്കായി 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. പാലം അടച്ചിടുന്നതോടെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയായിരിക്കും കടത്തിവിടുക.

ഏഴ് സ്പാനുകളിലായി 42 ബെയറിങുകളാണ് മാറ്റുന്നത്. ജാക്കി ലിവര്‍ ഉപയോഗിച്ച് പാലത്തിന്റെ സ്പാന്‍ ഉയര്‍ത്തിയതിന് ശേഷമാണ് പുതിയ ബെയറിങുകള്‍ ഘടിപ്പിക്കുന്നത്. പാലം അടച്ചിടുന്നതോടെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്. വേനല്‍ മഴ കനത്താല്‍ പ്രവര്‍ത്തികള്‍ക്ക് തടസമാകും. സ്‌കൂള്‍ തുറക്കും മുമ്പേ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പ്രവര്‍ത്തികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
നിര്‍മ്മാണത്തിന്റെ ഭാഗമായി ചാലക്കുടി മേഖലയില്‍ വലിയ ഗതാഗത തടസമാണ് അനുഭവപ്പെടുന്നത്. ദേശീയപാത ചാലക്കുടി മേഖലയില്‍ മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ അടിപ്പാതകളും കൊരട്ടിയില്‍ മേല്‍പാലവുമാണ് നിര്‍മ്മിക്കുന്നത്. ചിറങ്ങരയില്‍ ഇരുഭാഗത്തുകൂടിയും മുരിങ്ങൂരില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള വശത്തിലൂടേയും വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.
കൊരട്ടിയില്‍ മേല്‍പാല നിര്‍മ്മാണത്തിന്റെ ഭാഗമായി തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഷീറ്റുകള്‍ തെന്നിമാറി കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും ഒഴുകിപോവുകയും ചെയ്തിരുന്നു. കൊരട്ടി മേഖലയില്‍ കനത്ത ഗതാഗത കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചാലക്കുടിപുഴ പാലം അടച്ചിടുന്നതോടെ ഗതാഗതകുരുക്ക് കൂടുതല്‍ രൂക്ഷമാകും.


