കൂട്ടുകാരോടൊപ്പം സംസാരിച്ച് നില്‍ക്കുന്നതിനിടെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന്‍ മരിച്ചു
കൂടെനിന്നവരും ഓടിയെത്തിയവരും നദിയിൽ ചാടി സുകുമാരനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടത്വാ: ആലപ്പുഴയില്‍ വയോധികന്‍ കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് നീരേറ്റുപുറം തോമ്പിൽ കടവിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു.
കൂടെനിന്നവരും ഓടിയെത്തിയവരും നദിയിൽ ചാടി സുകുമാരനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. ഉടനെ തന്നെ വാഹനത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് പ്രാധമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജഗതമ്മ. മക്കൾ: സുജ, സുനിൽ, അനിൽ. മരുമക്കൾ: മഞ്ജു, അജീഷ, ബൈജു.
Read More : കൊച്ചിയിൽ 19 വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം: മൂന്ന് പേര്‍ അറസ്റ്റിൽ