കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ മാലിന്യം കൂടി കിടക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നില്ല...
തിരുവനന്തപുരം: ആശുപത്രി സിറിഞ്ച് മുതൽ അറവ് മാലിന്യം വരെ പുതിയ ബൈപാസ് സർവീസ് റോഡിലെ മാലിന്യ കൂമ്പാരത്തിൽ ആശങ്ക ഉയരുന്നു. ആഴാകുളം ചന്തയ്ക്ക് പുറകിലെ ബൈപാസ് സർവീസ് റോഡിലെ മാലിന്യ കൂമ്പാരമാണ് ആശങ്ക ഉയർത്തുന്നത്. മരുന്നുകൾ, സിറിഞ്ചുകൾ, ബ്ലേഡുകൾ, ബൾബുകൾ, അറവ് മാലിന്യം, ഹോട്ടൽ മാലിന്യം ഉൾപ്പടെ ദിനംപ്രതി ഇവിടെ കുമിഞ്ഞു കൂടുകയാണ്. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ആഴാകുളം വാർഡിൽ വരുന്ന പ്രദേശമാണ് ഇത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ മാലിന്യം കൂടി കിടക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നില്ല. പോറോഡ് നിന്ന് കോവളം ബൈപാസിലേക്ക് കയറുന്ന സർവീസ് റോഡിന് വശത്താണ് ഇത്തരത്തിൽ മാലിന്യം കുന്ന് കൂടുന്നത്. അറവ് മാലിന്യവും ഹോട്ടൽ മാലിന്യവും കാരണം തെരുവ് നായ ശല്യവും ഇവിടെ വർധിച്ചിട്ടുണ്ട്. ദുർഗന്ധം കാരണം ഇതുവഴിയുള്ള കാൽനട, വാഹന യാത്രയും ദുസഹമാവുകയാണ്. രാത്രികാലങ്ങളിൽ ആണ് ഇവിടെ വാഹനങ്ങളിൽ എത്തി മാലിന്യം കൊണ്ട് നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.
നഗരപ്രദേശങ്ങളിൽ മാലിന്യം തള്ളിയാൽ പിടി വീഴും എന്നതിനാലാണ് ഇപ്പോൾ ഉൾപ്രദേശങ്ങളിലും ആളൊഴിഞ്ഞ മേഖലകളിൽ ബൈപാസ് സർവീസ് റോഡുകളുടെ വശത്തും മാലിന്യ നിക്ഷേപം വർധിച്ചിരിക്കുന്നത്. നഗരസഭ മാതൃകയിൽ ശുചീകരണ സംവിധാനങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് ഇല്ല. അതിനാൽ തന്നെ മാലിന്യ നീക്കം ആശങ്ക ഉയർത്തുന്നുണ്ട്. മാലിന്യം നീക്കം ചെയ്യാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കോവളം പൊലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ശ്രീകുമാർ പറഞ്ഞു.
