പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. കപ്പപ്പായൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിന്റെ ഇലകൾ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളിൽ തെർമോക്കോൾ വിരിച്ചാണ് പൂക്കൾ നിരത്തിയത്.
അരൂർ: ഉത്രാട നാളിൽ വേമ്പനാട് കായലിന്റെ നടുവിൽ ഒഴുകിയെത്തിയ പൂക്കളം കൗതുകക്കാഴ്ചയായി. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കായലിൽ വർണാഭമായ ദൃശ്യവിരുന്നൊരുങ്ങി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആൻഡ് വാട്ടർ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക കൂട്ടായ്മയായ പി സി സിയും ചേർന്നാണ് ഒഴുകും പൂക്കളം ഒരുക്കിയത്.
പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. കപ്പപ്പായൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ പായൽ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിന്റെ ഇലകൾ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളിൽ തെർമോക്കോൾ വിരിച്ചാണ് പൂക്കൾ നിരത്തിയത്.
10 കിലോയോളം വിവിധ നിറങ്ങളിലുള്ള പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിന്റെ സന്തോഷം പങ്കിടുകയെന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു. ദീപു അരൂക്കുറ്റിയാണ് ഒഴുകും പൂക്കളം എന്ന ആശയം മുന്നോട്ട് വെച്ചത്.
കായലോരത്ത് ഒരുക്കിയ പൂക്കളം പിന്നീട് കയാക്കിൽ വലിച്ച് വേമ്പനാട് കായലിന്റെ നടുഭാഗത്തേക്ക് എത്തിച്ചു. തുടർന്ന് പൂക്കളത്തിന് ചുറ്റും കയാക്കുകളിലും കുട്ടവഞ്ചികളിലുമായി പ്രവർത്തകർ ഒരുമണിക്കൂറോളം വട്ടംചുറ്റി. കായലിലെ ആഘോഷത്തിന് ശേഷം കരയിലെത്തിയ സംഘം ഉത്രാട സദ്യ കഴിച്ചാണ് മടങ്ങിയത്. എം മുരളീകൃഷ്ണൻ, എം ഹരികൃഷ്ണൻ, എസ് ലജീഷ്, കെ ബി ദിപിൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ 15ഓളം പേരാണ് ഒഴുകും പൂക്കളം ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.