Asianet News MalayalamAsianet News Malayalam

വയനാട്ടിൽ കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍

കാറില്‍ മാരക എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. 
One more arrested in the incident of trying to trap a couple by putting drugs in their car in Wayanad
Author
First Published Apr 10, 2024, 10:47 PM IST

സുല്‍ത്താന്‍ബത്തേരി: കാറില്‍ മാരക എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചീരാല്‍ കവിയില്‍ വീട്ടില്‍ കെജെ ജോബിനെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ് എച്ച്ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം ഡി എം എ വെക്കുന്നതിനായി ക്വട്ടേഷന്‍ കൊടുത്ത മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25), 10,000 രൂപ വാങ്ങി കാറില്‍ മയക്കുമരുന്ന് വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. 

ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്. ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ദമ്പതികളെ ഫോണില്‍ വിളിച്ച് മൂന്നാംമൈലില്‍ എത്തിക്കുകയും ചെയ്തത് ജോബിന്‍ ആണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മൂന്ന് പേരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. കഴിഞ്ഞ് മാസം പതിനേഴിന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലവയല്‍ സ്വദേശികളായ ദമ്പതികളെ ലക്ഷ്യം വെച്ചായിരുന്നു ഗൂഢാലോചന. 

ഇവര്‍ വില്‍പനക്കായി ഒ.എല്‍.എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെക്കുകയും പോലീസിന് വിവരം നല്‍കുകയുമായിരുന്നു. ദമ്പതികള്‍ നിരപരാധികളെന്ന് മനസിലായ പോലീസ് സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയോടെയാണ് ആദ്യം മോന്‍സിയും പിന്നീട് ബാദുഷയും ഇന്ന് ജോബിനും കുടുങ്ങിയത്. 

ഒളിവിലായിരുന്ന ബാദുഷ ഏപ്രില്‍ അഞ്ചിന് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയില്‍ നിന്നാണ്  പിടിയിലായത്. ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മോന്‍സി എം.ഡി.എം.എ ഒളിപ്പിച്ചുവെച്ചത്. കാറില്‍ നിന്ന്  11.13 ഗ്രാം എം.ഡി.എം.എയായിരുന്നു കണ്ടെടുത്തത്.

'ഒരു കോടിക്ക് ഇപ്പോ എന്തോ കിട്ടും?'; തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി ഒരു സോഷ്യല്‍ മീഡിയ ചോദ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios