ഷംസുദ്ദീന്‍റെ വീടിന് സമീപം ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് കേസിലാണ് അറസ്റ്റ്.
ഹരിപ്പാട്: വീടിന് സമീപത്തെ പടക്ക സംഭരണശാലയിൽ തീപിടുത്തമുണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. പള്ളിപ്പാട് എട്ടാം വാർഡ് മുട്ടം നാടാലയ്ക്കൽ ഷംസുദ്ദീന്‍റെ വീടിന് സമീപം ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് കേസിൽ നാടാലയ്ക്കൽ നൗഷാദ് (47) നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 10 നായിരുന്നു സംഭവം. ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാം പ്രതി നൗഷാദിന്‍റെ പിതാവ് ഷംസുദ്ദീൻ ഒളിവിലാണ്.
ഇതിനിടെ മറ്റൊരു കേസില്‍ ചേര്‍ത്തലയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര -വയലാർ വാർഷിക ദിനാചരണത്തിനിടെ അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ വീട്ടമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ രമണിക വീട്ടിൽ ആരോമൽ (24), വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ കരിയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് തുടയെല്ല് പൊട്ടിയ സരസമ്മ (72) ഇപ്പോഴും ചികിത്സയിലാണ്. ചേർത്തല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആൻറണി വി ജെ, സബ്ബ് ഇൻസ്പെക്ടർ പി പി ബസന്ത്, സിപിഒ കിഷോർ ചന്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
