ബെവ്കോയുടെ ശുപാർശയിൽ തല്‍ക്കാലം ചർച്ച പോലും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഓണ്‍ലൈൻ മദ്യവിൽപ്പനയിൽ ഇനി പ്രതികരിക്കേണ്ടെന്ന് ബെവ്കോ എംഡിക്ക് സർക്കാർ നിർദ്ദേശം. ബെവ്കോയുടെ ശുപാർശയിൽ തല്‍ക്കാലം ചർച്ച പോലും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഓണ്‍ലൈൻ മദ്യവിൽപന നീക്കത്തിൽ സര്‍ക്കാരിനെ ഓര്‍ത്തഡോക്സ് സഭ വിമര്‍ശിച്ചു.

വരുമാന വർദ്ധനക്കായുള്ള ബെവ്കോയുടെ ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കുള്ള ശുപാർശകളോട് സർക്കാരിന് എതിർപ്പില്ല. പക്ഷെ, പുതിയ തീരുമാനം ഇപ്പോള്‍ നടപ്പാക്കി കൈപൊള്ളാനില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ശുപാർശ പുറത്ത് വന്നപ്പോള്‍ തന്നെ എക്സൈസ് മന്ത്രി എം ബി രാജേഷ് ഇത് ഇടത് സർക്കാർ നയമല്ലെന്ന് പറഞ്ഞ് തലയൂരി. അതിന് ശേഷവും ശുപാർശയെ കുറിച്ച് ബെവ്കോ എംഡി വിശദീകരിച്ചതിനാലാണ് സർക്കാരിന് അതൃപ്തി. വീടുകള്‍ മദ്യശാലകളായി മാറുമെന്നും, പ്രായപൂർത്തിയാകാത്തവർ ഓണ്‍ലൈൻ വഴി മദ്യം വാങ്ങുമെന്ന ആക്ഷേപങ്ങളെ ബെവ്കോ എം ഡി ഹർഷിത അത്തല്ലൂരി തള്ളിയിരുന്നു. ഇതോടെ വീണ്ടും എക്സൈസ് മന്ത്രിക്ക് സർക്കാർ ഓണ്‍ലൈൻ കച്ചവടത്തിനില്ലെന്ന് വിശദീകരിക്കേണ്ടിവന്നു. ഇനി ഓണ്‍ലൈൻ മദ്യവിൽപനയെക്കുറിച്ച് മിണ്ടേണ്ടന്നാണ് ബെവ്കോ എംഡിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിർദ്ദേശം. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിവാദം നീട്ടിക്കൊണ്ടുപോകേണ്ടെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.

ബാറുടമകളും ഓണ്‍ലൈൻ വിൽപനയെ എതിര്‍ക്കാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നിൽ കാണുന്നു. ശുപാര്‍ശ എക്സൈസ് വകുപ്പ് തള്ളിയതോടെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ധനവകുപ്പ് നിശ്ചയിക്കുന്നതിൽ മാത്രമാണ് ഇനി ബെവ്കോയുടെ പ്രതീക്ഷ. എന്നാൽ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാൽ വരുമാനം നഷ്ടമുണ്ടാകുമെന്നാണ് ധനവകുപ്പിന്‍റെ കണക്ക് കൂട്ടൽ. അതേസമയം മദ്യ വർജനമെന്ന് പ്രചാരണവുമായ വന്ന ഇടതുമുന്നിയുടെ വാഗ്ദാനം ജലരേഖയായെന്നാണ് ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ വിമര്‍ശനം. വിശപ്പിന് അരിവാങ്ങാൻ റേഷൻ കടയിൽ പോയി വിരൽ പതിക്കണം. അതേസമയം, മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരുമെന്ന് പരിഹസിക്കുന്നു.