ഈ വര്‍ഷം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു.

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓപ്പറേഷന്‍ കാപ്പ തുടരുന്നു. 2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 78 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേര്‍ക്കെതിരേ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുള്ള നടപടികള്‍ സ്വീകരിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടില്‍ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാര്‍ (43) എന്നയാളെയാണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.

ഗോപകുമാറിന്റെ പേരില്‍ 15 ക്രിമിനല്‍ കേസുകളുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നിര്‍ദേശ പ്രകാരം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ഗോപകുമാറിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവരാണ് നടപടികള്‍ സ്വീകരിച്ചത്.