''യഥാർത്ഥ വിദ്യാർത്ഥി പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിച്ച്, ആരുടെയെങ്കിലും കയ്യിലെ പാവകളായി തുള്ളാനായിട്ട് മുന്നണി നിലനിൽക്കേണ്ടതില്ല എന്നാണ് അതിൻ്റെ തുടക്കക്കാരിൽ ഒരാൾ എന്ന നിലയിൽ പറയുവാനുള്ളത്''
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥി സംഘടനയായ ഇൻഡിപെൻഡന്റ് മുന്നണിയെ രൂക്ഷമായി വിമർശിച്ച് പി. സരിൻ. കോളേജ് ഇലക്ഷനിൽ രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം 2 ജനറൽ പോസ്റ്റിലേക്ക് എസ്എഫ്ഐ വിജയിച്ചതിൽ അഭിനന്ദിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സരിൻ ഇൻഡിപെൻഡന്റ് മുന്നണിയെ രൂക്ഷമായി വിമർശിച്ചത്. മുന്നണിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ പറയട്ടെ, വർഗ്ഗീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി മാറിയിരിക്കുന്നു ഇന്നത്തെ ഇൻഡിപെൻഡന്റ് സംവിധാനമെന്ന് അദ്ദേഹം വിമർശിച്ചു.
ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന അഭിനവ ധർമ്മ യോദ്ധാക്കൾക്കും, ഫസ്റ്റ് ഇയർ തൊട്ട് മുസ്ലിം പെൺകുട്ടികളെ തട്ടമിടീക്കാൻ വ്യഗ്രത കാണിക്കുന്ന ‘കെയറിംഗ്’ ഇക്കമാർക്കും ഒക്കെ പ്ലാറ്റ്ഫോം കൊടുത്ത് എന്ത് പുരോഗമന ആശയമാണ് ഇവർക്കിന്ന് പറയാനുള്ളത്.
യഥാർത്ഥ വിദ്യാർത്ഥി പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിച്ച്, ആരുടെയെങ്കിലും കയ്യിലെ പാവകളായി തുള്ളാനായിട്ട് മുന്നണി നിലനിൽക്കേണ്ടതില്ല എന്നാണ് അതിൻ്റെ തുടക്കക്കാരിൽ ഒരാൾ എന്ന നിലയിൽ പറയുവാനുള്ളത്. വിദ്യാർത്ഥികളെ സമൂഹത്തിൽ നിന്നകറ്റി സ്വന്തം രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന ഏതൊരു പ്രസ്ഥാനവും ക്യാമ്പസിലെ തുറന്ന അന്തരീക്ഷം എത്രത്തോളം മലീമസമാക്കും എന്ന് നേരിട്ട് അറിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പി. സരിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഞാൻ പഠിച്ച കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഇലക്ഷനിൽ 2 പതിറ്റാണ്ടുകൾക്കു ശേഷം 2 ജനറൽ പോസ്റ്റിലേക്ക് SFI വിജയിച്ചു കയറിയിരിക്കുകയാണ്. ബദൽ പുരോഗമന ആശയങ്ങളുമായി, വിദ്യാർത്ഥികളുടെ ചെറുത്തുനിൽപ്പിന് പുതിയ മാനങ്ങൾ നൽകിയിരുന്ന ഒരു ഇൻഡിപെൻഡൻ്റസ് മുന്നണി അക്ഷരാർഥത്തിൽ പണ്ട്, ആ ക്യാമ്പസിൽ നിലനിന്നിരുന്നു. അതിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ പറയട്ടെ, വർഗ്ഗീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി മാറിയിരിക്കുന്നു ഇന്നത്തെ INDI സംവിധാനം. അല്ലെങ്കിൽ തന്നെ, ശാസ്ത്രത്തെപ്പോലും വളച്ചൊടിച്ച് ലിംഗന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന അഭിനവ ധർമ്മ യോദ്ധാക്കൾക്കും, ഫസ്റ്റ് ഇയർ തൊട്ട് മുസ്ലിം പെൺകുട്ടികളെ തട്ടമിടീക്കാൻ വ്യഗ്രത കാണിക്കുന്ന ‘കെയറിംഗ്’ ഇക്കമാർക്കും ഒക്കെ പ്ലാറ്റ്ഫോം കൊടുത്ത് എന്ത് പുരോഗമന ആശയമാണ് ഇവർക്കിന്ന് പറയാനുള്ളത്?
യഥാർത്ഥ വിദ്യാർത്ഥി പ്രശ്നങ്ങളിൽ നിന്ന് വ്യതിചലിച്ച്, ആരുടെയെങ്കിലും കയ്യിലെ പാവകളായി തുള്ളാനായിട്ട് ഒരു INDI മുന്നണി നിലനിൽക്കേണ്ടതില്ല എന്നാണ് അതിൻ്റെ തുടക്കക്കാരിൽ ഒരാൾ എന്ന നിലയിൽ പറയുവാനുള്ളത്. വിദ്യാർത്ഥികളെ സമൂഹത്തിൽ നിന്നകറ്റി സ്വന്തം രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന ഏതൊരു പ്രസ്ഥാനവും ക്യാമ്പസിലെ തുറന്ന അന്തരീക്ഷം എത്രത്തോളം മലീമസമാക്കും എന്ന് നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. അത് എതിർക്കപ്പെടേണ്ടതുമാണ്. സമൂഹത്തിൽ സമസ്ത മേഖലകളിലും നിലനിന്നിരുന്ന വേലിക്കെട്ടുകൾ പൊട്ടിച്ച് സ്ത്രീകൾ മുന്നോട്ട് കുതിക്കുന്ന ഈ കാലഘട്ടത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി എണ്ണത്തിൽ കൂടുതൽ പെൺകുട്ടികൾ ഉള്ള ബാച്ചുകളിൽ നിന്ന് തന്നെ ആ മാറ്റം തുടങ്ങിവയ്ക്കാൻ കഴിഞ്ഞു എന്നതാണ് SFI യുടെ രാഷ്ട്രീയ നേട്ടം. ആ ക്യാമ്പസിൽ രാഷ്ട്രീയം പറഞ്ഞ് തന്നെ SFI ജയിച്ച് കയറുന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശുഭപ്രതീക്ഷയാണ്.
SFI പാനലിൽ മത്സരിച്ച്, വൈസ് ചെയർപേഴ്സണായി സ: നന്ദനയും, ലേഡി വൈസ് ചെയർപേഴ്സണായി സ: അനുശ്രീയും തിരഞ്ഞെടുക്കപ്പെട്ടു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യവും സമൂഹവും പുതിയ പ്രതിസന്ധികൾ നേരിടുന്ന ഈ കാലത്ത് ഡോക്ടർമാർ വരേണ്ടത് സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നാണ്. സകല മനുഷ്യരേയും തുല്യതയോടെ കാണാൻ കഴിയുന്ന പ്രത്യയശാസ്ത്ര വ്യക്തത ഓരോ വിദ്യാർത്ഥിയിലേക്കും പകർന്നു നൽകാൻ പോരാടുന്ന എൻ്റെ പഴയ ക്യാമ്പസിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ!
അന്ന് വിളിക്കാൻ മടിച്ചിരുന്ന ആ മുദ്രാവാക്യം ഞാനിന്ന് നിങ്ങളോടൊപ്പം ഏറ്റു വിളിക്കുന്നു:
"സ്വാതന്ത്ര്യം, ജനാധിപത്യം
സോഷ്യലിസം സിന്ദാബാദ്."


