പാലാ പ്രവിത്താനത്ത് വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കോട്ടയം: പാലാ പ്രവിത്താനത്ത് വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇരു സ്കൂട്ടറുകളെയും ഇടിച്ചു തെറിപ്പിച്ച കാർ മതിലിലിടിച്ചാണ് നിന്നത്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 9 മണിയോടെ പാലാ തൊടുപുഴ റൂട്ടിലെ പ്രവിത്താനത്താണ് ദാരുണമായ അപകടമുണ്ടായത്.
ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറിൽ തിടനാട് സ്വദേശിയായ ജോമോൾ ബെന്നിയും 12 വയസുള്ള മകളുമായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഇവരെ ഉടനടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധന്യയുടെയും ജോമോളുടെയും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും അത് ഫലവത്തായില്ല. 12 വയസുള്ള അന്ന മോൾ ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. പാലാ താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ മാറ്റിയിരിക്കുകയാണ്. കാറോടിച്ചിരുന്നത് പാലാ സെന്റ് തോമസ് ടിടി കോളേജിലെ ബിഎഡ് വിദ്യാർത്ഥികളായ നാലുപേരിൽ ഒരാളാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ പാലാ പൊലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


