അരിമ്പൂർ പഞ്ചായത്തിൽ വിരമിക്കുന്ന സെക്രട്ടറി റെനി പോളും പ്രസിഡന്‍റ് സ്മിത അജയകുമാറും മറ്റ് ജനപ്രതിനിധികളും ചേർന്ന് ഒപ്പന അവതരിപ്പിച്ചു. ചരിത്ര സംഗമം എന്ന പേരിൽ നടത്തിയ പരിപാടിയിലാണ്, സെക്രട്ടറി മണവാട്ടിയുടെ വേഷത്തിൽ എത്തിയത് കൗതുകമായത്.
കാഞ്ഞാണി: അരിമ്പൂർ പഞ്ചായത്തിൽ നിന്ന് ഈ മാസം വിരമിക്കുന്ന സെക്രട്ടറി റെനി പോളും പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാറും ചേർന്നുള്ള ഒപ്പന കൗതുകമായി. നാണത്തിൽ കുതിർന്ന മുഖവുമായെത്തിയ മണവാട്ടിയുടെ വേഷമിട്ട സെക്രട്ടറിയെ കസേരയിലിരുത്തി ചുറ്റും അണിനിരന്നാണ് മറ്റുള്ള ജനപ്രതിനിധികളായ വനിതകൾ ഒപ്പനക്ക് ചുവട് വച്ചത്.
"കന്നിപ്പളുങ്കേ... പൊന്നുംകിനാവേ, ചുന്ദരിപ്പെണ്ണാളെ" എന്ന ഗാനത്തിനാണ് ഇവർ തനത് ഒപ്പന വേഷത്തിൽ കൂളിംഗ് ഗ്ലാസുകൾ വച്ച് നൃത്തം ചെയ്തത്. ജനപ്രതിനിധികളായ ജില്ലി വിത്സൻ, സലിജ സന്തോഷ്, നീതു ഷിജു, ശോഭ ഷാജി, ഷിമി ഗോപി എന്നിവരാണ് പ്രസിഡന്‍റിനും സെക്രട്ടറിക്കും ഒപ്പം ചുവടുവെച്ചത്.
ചരിത്ര സംഗമം എന്ന പേരിൽ അരിമ്പൂർ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി അംഗങ്ങളും പൂർവ്വകാല അംഗങ്ങളെയും മറ്റു വ്യക്തികളെയും ഉൾപ്പെടുത്തി നടത്തിയ പരിപാടിയിലാണ് ഒപ്പന അരങ്ങേറിയത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് കെ കെ ശശിധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാർ അധ്യക്ഷയായി.


