കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയം, ഫിഫ നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ്, അക്വാട്ടിക്സ് കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്നു. ഈ കായിക സമുച്ചയം നവംബർ 3-ന് നാടിന് സമർപ്പിക്കും.

തൃശൂര്‍: മാലിന്യക്കൂമ്പാരമായിരുന്ന ലാലൂർ ഇനി ചരിത്രത്തിൽ അടയാളപ്പെടുന്നത് കായിക വിസ്മയത്തിന്‍റെ ഈറ്റില്ലമായിട്ടായി. ഫുട്‌ബോൾ ഇതിഹാസമായ പത്മശ്രീ ഐ എം വിജയന്‍റെ പേരിലുള്ള അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സ് ഒന്നാംഘട്ടം പൂർത്തിയാക്കി നാളെ (നവംബർ 03) നാടിന് സമർപ്പിക്കും. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കായിക സമുച്ചയം യാഥാർഥ്യമാക്കുന്നത്. കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള 14 ഏക്കർ സ്ഥലത്ത്, കേരള സർക്കാർ കിഫ്‌ബി ധനസഹായത്തോടെ കിറ്റ്‌കോയുടെ (മേൽനോട്ടത്തിലാണ് പദ്ധതിയുടെ നിർമ്മാണം നടന്നത്. 70.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് കിഫ്ബി 56.01 കോടി രൂപ അനുവദിച്ചിരുന്നു.

വൈകിട്ട് അഞ്ചിന് കായിക, വഖഫ്, ഹജ്ജ് കാര്യ നിർവഹണ മന്ത്രി വി. അബ്ദുറഹ്മാൻ ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മേയർ എം കെ വർഗീസ് അധ്യക്ഷനാകും. ഗ്രൗണ്ടിന്‍റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കുമ്പോൾ, അക്വാട്ടിക്സ് കോംപ്ലക്സിന്‍റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. പവലിയൻ ബ്ലോക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തൃശൂർ പി. ബാലചന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും. ടെന്നീസ് കോർട്ടിന്‍റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിക്കും. സമരഭടന്മാരെ ആദരിക്കൽ മുൻ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനും കായിക പ്രതിഭകളെ ആദരിക്കൽ മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറും നിർവഹിക്കും.

ഡെപ്യൂട്ടി മേയർ എം എൽ റോസി കരാറുകാരെ ആദരിക്കും. ഐ എം വിജയൻ വിശിഷ്ടാതിഥിയാകും. മുൻ മേയർമാരായ അജിത ജയരാജനും അജിത വിജയനും ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഒന്നാം ഘട്ടത്തിൽ, ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാണ് ലാലൂരിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം, 5000 പേരെ ഉൾക്കൊള്ളാവുന്ന ഇൻഡോർ സ്റ്റേഡിയം ആണ്.

ബാസ്‌കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഹാൻഡ് ബോൾ കോർട്ടുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 85,318 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഡിയം കെട്ടിടത്തിൽ രണ്ട് ഡോർമിറ്ററികൾ, നാല് ഗസ്റ്റ് റൂമുകൾ, ജിം, വി.ഐ. പി ലോഞ്ച്, മെഡിക്കൽ റൂം, 53 ടോയ്‌ലെറ്റ് സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ, ഫിഫ നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്‌ബോൾ ടർഫ്, ഐ.ടി.എഫ് നിലവാരത്തിലുള്ള അക്രിലിക് ടെന്നീസ് കോർട്ട്, 25 മീറ്റർ×12.5 മീറ്റർ വലിപ്പമുള്ള പ്രാക്ടീസ് പൂൾ ഉൾപ്പെടുന്ന അക്വാട്ടിക്സ് കോംപ്ലക്സ്, പവലിയൻ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയ മറ്റ് പ്രധാന സൗകര്യങ്ങൾ. ജല വിതരണത്തിനായി 45,000 ലിറ്ററിൻ്റെ ഓവർ ഹെഡ് വാട്ടർ ടാങ്കും, 4,75,000 ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജല സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള റെസിഡൻഷ്യൽ ബ്ലോക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.