തിരുവനന്തപുരം കണിയാപുരം ചിറ്റാറ്റുമുക്ക് ജാൻസിലിലെ പാർവതി എസ് നായർ എന്ന പള്ളിപ്പുറം സി ആർ പി എഫ്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി അതോടെ താരമായി
തിരുവനന്തപുരം: പാട്ട് പാടാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ "ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന കവിത ആലപിച്ച തിരുവനന്തപുരം സ്വദേശി പാർവതി ഇപ്പോൾ നാട്ടിലാകെ സ്റ്റാറാണ്. കവിതയുടെ ഇംഗ്ലീഷ് തർജിമയും പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുത്ത ശേഷമായിരുന്നു പാർവതി കവിത ആലപിച്ചത്. തിരുവനന്തപുരം കണിയാപുരം ചിറ്റാറ്റുമുക്ക് ജാൻസിൽ പാർവതി എസ് നായർ എന്ന പള്ളിപ്പുറം സി ആർ പി എഫ് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി ആ കവിതയോടെ നാട്ടിലെ താരമായി മാറുകയായിരുന്നു.
ചൊവ്വാഴ്ച വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കു മുമ്പിൽ പാർവ്വതിക്ക് പാടാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയോട് സംസാരിക്കാൻ തയ്യാറെടുത്തു നിന്ന പാർവതിയോട് പെട്ടെന്നാണ് പ്രധാനമന്ത്രി ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് ഓർമ്മ വന്ന ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന വരികൾ പാർവതി ആലപിച്ചു. കവിത ആസ്വദിച്ച പ്രധാനമന്ത്രി പാർവതിയെ തോളിൽതട്ടി അഭിനന്ദിക്കാൻ മറന്നില്ല. പാർവതി പാടുന്നതിന്റെ ദൃശ്യം പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ, പത്തനംതിട്ടക്കും സമർപ്പിച്ച് പ്രധാനമന്ത്രി
സ്കൂളിൽ നിന്നു നൂറോളം കുട്ടികളുമായി മത്സരിച്ചാണ് യാത്രയിൽ ഉൾപ്പെടാൻ പാർവതി യോഗ്യത നേടിയത്. തിരഞ്ഞെടുത്ത ഒൻപത് പേരിൽ അഞ്ചു പേർക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയോട് സംസാരിക്കണമെന്നാണ് പറഞ്ഞിരുന്നത് എന്ന് പാർവതി പറഞ്ഞു. പ്രതീക്ഷിക്കാതെ ആണ് കവിത ചൊല്ലാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. സമീപത്തുണ്ടായ മുഖ്യമന്ത്രി പിണറായി വിജയനോടും ശശി തരൂർ എം പി യോടും കവിതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതായും പാർവതി പറയുന്നു. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്നും സി ആർ പി എഫ് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി വ്യക്തമാക്കി.

