ഒരേ വേദിയിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ, ആലപിക്കുന്നത് ചാലപ്പുറം ഗണപത് സ്കൂളിലെ 2300 -ഓളം വിദ്യാർത്ഥിനികൾ
കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 2300 -ഓളം വിദ്യാർത്ഥിനികളെ ഒരേ വേദിയിൽ ഒരേ സമയം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ ഒരുമിച്ച് ആലപിക്കുന്ന ഇന്ത്യ രാഗ്- മെഗാ ദേശഭക്തിഗാനാലാപന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. ബംഗാളി, ഹിന്ദി, തെലുങ്ക്, കൊങ്കണി,തമിഴ്, മലയാളം, കന്നട, സംസ്കൃതം എന്ന് എട്ട് ഭാഷകളിലായി ലളിതവും പ്രചാരത്തിലുള്ളതുമായ ദേശഭക്തിഗാനങ്ങളാണ് കുട്ടികൾ ആലപിക്കുന്നത്. 15 മിനിറ്റാണ് പരിപാടി.
ഈ വിദ്യാലയത്തിൽ തന്നെ രാജസ്ഥാൻ, തമിഴ്നാട്, കർണാടക മുതലായ സംസ്ഥാനങ്ങളിലെ കുട്ടികൾ പഠിക്കുന്നുണ്ട്. അവരും ഭിന്നശേഷിക്കാരായ കുട്ടികളും സജീവമായി ഈ പരിപാടിയിൽ അണിചേരുന്നുണ്ട്. കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി പരിപാടിക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് വിദ്യാലയത്തിലെ സംഗീത അധ്യാപികയായ മിനി ആണ്.
ഈ പരിപാടിക്ക് സംഗീത പശ്ചാത്തലം ഒരുക്കുന്നത് ഇന്ത്യയിലെ തന്നെ പ്രഗൽഭരായ സംഗീത കലാകാരന്മാരായ ഡൊമിനിക് മാർട്ടിൻ (കീ ബോർഡ്), ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട് ഇദ്ദേഹം. ഇളയരാജ, ജോൺസൺ ' എ ആർ റഹ്മാൻ മുതലായ സംഗീതസംവിധായകരുടെ കൂടെ പ്രവർത്തിച്ചു പരിചയമുണ്ട്. ശശി കൃഷ്ണ (ബേയ്സ് ഗിറ്റാർ) ) റിയാലിറ്റി ഷോ ഡിവോഷണൽ മ്യൂസിക് ആൽബം ഈ രംഗങ്ങളിൽ പ്രസിദ്ധനാണ്. സോമൻ( ലീഡ് ഗിറ്റാർ) സിനിമ റിയാലിറ്റി ഷോ രംഗത്ത് പ്രസിദ്ധനാണ്.
വാർത്താസമ്മേളനത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാര്‍ത്ഥിനികളായ ശ്രേയ.എൻ. എം,ഐറ അലി, യുപി വിഭാഗം വിദ്യാർഥിനികളായ നജ ഫാത്തിമ,അൽന നസ്നിൻ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥിനികളായ ഗായത്രി.പി, അനാമിക വി.വി, അധ്യാപകരായ മിനി, രാഗേഷ്, മനോജ്, ജിനീഷ് കാരയാട്, തനൂജ, പിടിഎ പ്രസിഡണ്ട് സുരേഷ് എന്നിവർ പങ്കെടുത്തു
