സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ പോകുകയായിരുന്ന സംഘത്തെ പട്രോളിംഗിനിടെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു

കോഴിക്കോട്: വയനാട് റോഡില്‍ തൊട്ടിപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റ്യാടി മരുതോങ്കര സ്വദേശി തടിയില്‍ നിസാം(22), ചെമ്പനോട സ്വദേശി മഠത്തില്‍ താഴെകുനി നജ്മല്‍ എന്നിവരാണ് തൊട്ടില്‍പ്പാലം പൊലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ പോകുകയായിരുന്ന സംഘത്തെ പട്രോളിംഗിനിടെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്‌ഐ അന്‍വര്‍ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിപിന്‍ ദാസ്, രജീഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 750 ഗ്രാം രാസലഹരിയാണ്. ജനുവരി ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. എംഡിഎംഎ അടക്കമുള്ള മാരക രാസലഹരി അടക്കമാണ് പൊലീസ് പിടികൂടിയത്. ജനുവരി മാസം ഇരുപത് തികയും മുന്‍പേയാണ് വ്യത്യസ്ത കേസുകളിലായി വലിയ തോതില്‍ രാസലഹരി പൊലീസ് പിടികൂടിയത്. നാല് വലിയ കേസുകള്‍ ഇതിനകം പൊലീസ് രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. 25 ലേറെ പേർ പിടിയിലായി. എഴുനൂറ് ഗ്രാം എം.ഡി.എം.എ ഉള്‍പ്പെടെ വ്യാപകമായ ലഹരി ഉല്‍പ്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. 

റെയിൽവേ ​ഗേറ്റിന് സമീപത്ത് ഒരു യുവാവ്, പരിശോധിച്ചപ്പോൾ എംഡിഎംഎ; കയ്യോടെ പിടികൂടി എക്സൈസ്

50 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പൊലീസും രാസലഹരി വിരുദ്ധ സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും 226 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. രാസലഹരി കടത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. ബെംഗളൂരുവിൽ നിന്നാണ് പ്രധാനമായും കോഴിക്കോട്ടേക്ക് രാസലഹരി കടത്തുന്നത്. ചില്ലറ വിപണിയാണ് ലക്ഷ്യം. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. ലഹരി കടത്തുന്നവരില്‍ മിക്കവരും അത് ഉപയോഗിക്കുന്നവരുമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം