തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ ഇനിയുള്ള കാലത്ത് ജയം തീരുമാനിക്കുന്നത് പെന്തക്കോസ്തുകാരാണെന്ന് അറിവുള്ള രാഷ്ട്രീയക്കാർ പറഞ്ഞു കഴിഞ്ഞുവെന്ന് പാസ്റ്റർ ബാബു ചെറിയാൻ

കുമ്പനാട്: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പെന്തക്കോസ്ത് സമൂഹം നിർണായക ശക്തിയായി മാറിക്കഴിഞ്ഞെന്ന് പാസ്റ്റർ ബാബു ചെറിയാൻ. നിയമസഭയിൽ പെന്തക്കോസ്ത് സമൂഹത്തിന്റെ ശബ്ദമാകാൻ സ്വന്തം പ്രതിനിധികൾ ഉണ്ടാകണമെന്നും ഐപിസി സീനിയർ ശുശ്രൂഷകനും പിറവം സെന്റർ പാസ്റ്ററുമായ പാസ്റ്റർ ബാബു ചെറിയാൻ ആവശ്യപ്പെട്ടു.കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന 102-ാമത് ഐപിസി ജനറൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പാസ്റ്റർ ബാബു ചെറിയാൻ. നമ്മുടേത് ചെറിയ ഗ്രൂപ്പല്ല എന്നും തിരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഗൗരവത്തോടെ പ്രാർത്ഥിക്കണമെന്നും പാസ്റ്റർ ബാബു ചെറിയാൻ ആവശ്യപ്പെട്ടു ആഹ്വാനം ചെയ്തു. പെന്തക്കോസ്ത് എന്ന വിഭാഗത്തിന് വേണ്ടി സംസാരിക്കാൻ ചിലർ അസംബ്ലിയിൽ ഉണ്ടാകാൻ നിങ്ങൾ പ്രാർത്ഥിക്കണം. രാഷ്ട്രീയക്കാർ കണക്കെടുക്കുന്നുണ്ട്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ ഇനിയുള്ള കാലത്ത് ജയം തീരുമാനിക്കുന്നത് പെന്തക്കോസ്തുകാരാണെന്ന് അറിവുള്ള രാഷ്ട്രീയക്കാർ പറഞ്ഞു കഴിഞ്ഞു. നമ്മുക്ക് അതിനേക്കുറിച്ച് ധാരണയില്ല, പക്ഷേ രാഷ്ട്രീയക്കാർ അത് തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നാണ് പാസ്റ്റർ ബാബു ചെറിയാൻ കുമ്പനാട് കൺവെൻഷനിൽ വിശദമാക്കിയത്.

പ്രധാന രാഷ്ട്രീയ പാർട്ടികൾ തങ്ങളെ അവഗണിക്കുകയാണെന്ന വികാരം സഭയ്ക്കുള്ളിൽ ശക്തം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ പെന്തക്കോസ്ത് സമൂഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞതായും, പഞ്ചായത്ത്-മുൻസിപ്പാലിറ്റി തലങ്ങളിൽ ഈ കരുത്ത് തെളിയിക്കപ്പെട്ടതായും പാസ്റ്റർ ബാബു ചെറിയാൻ കൂട്ടിച്ചേർത്തു. ഒരു സമൂഹം എന്ന നിലയിൽ നാം വിജയിച്ചു കഴിഞ്ഞിരിക്കുകയാണ് പാസ്റ്റർ ബാബു ചെറിയാൻ ആവശ്യപ്പെട്ടു പറഞ്ഞു. ആറന്മുള, തിരുവല്ല, റാന്നി ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂറിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും പെന്തക്കോസ്ത് വോട്ടുകൾ നിർണ്ണായകമാണെങ്കിലും, പ്രധാന രാഷ്ട്രീയ പാർട്ടികൾ തങ്ങളെ അവഗണിക്കുകയാണെന്ന വികാരം സഭയ്ക്കുള്ളിൽ ശക്തമാണ്. വോട്ട് ബാങ്ക് എന്നതിനപ്പുറം അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പരാതി കൺവെൻഷനിലെ സംസാരവിഷയമായി.

നാളിതു വരെ രാഷ്ട്രീയ വിഷയങ്ങളിൽ പരസ്യപ്രതികരണങ്ങൾ നടത്തിയിട്ടില്ലാത്ത ഐപിസി സഭയുടെ ഈ പുതിയ നിലപാട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് വലിയ വെല്ലുവിളിയാകും. നൂറ്റിരണ്ടാം വാർഷികം ആഘോഷിക്കുന്ന ഐപിസി ജനറൽ കൺവെൻഷൻ ഒരു ആത്മീയ സംഗമം എന്നതിലുപരി ഒരു സമുദായത്തിന്റെ രാഷ്ട്രീയ അവകാശ പ്രഖ്യാപനത്തിന് കൂടി വേദിയായി മാറിയ കാഴ്ചയാണ് കാണുന്നതെന്നും പാസ്റ്റർ ബാബു ചെറിയാൻ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം