മകളെ ട്രെയിൻ കയറ്റിവിടാൻ അങ്കമാലി റെയിൽവെ സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരുടെയും ജീവനെടുത്ത അപകടം നടന്നത്

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ വാഹനാപകടത്തിൽ 2 പേര്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ എംസി റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലും മരണമടഞ്ഞു.

കോതമംഗലത്തെ വീട്ടിൽ നിന്നും പെരുമ്പാവൂര്‍ പ്രധാന പാത വഴി അങ്കമാലിയിലേക്ക് പോവുകയായിരുന്നു ഇരുവരും. കോയമ്പത്തൂരിൽ നഴ്സിങ് വിദ്യാര്‍ത്ഥിയായ മകൾ ബ്ലെസിക്ക് തിരികെ കോളേജിൽ പോകാനായി അങ്കമാലി റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ബൈക്കിലായിരുന്നു അച്ഛനും മകളും യാത്ര ചെയ്തത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്ത് എത്തിയപ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇരുവരെയും ഇടിച്ചിട്ടുവെന്നും ശരീരത്തിലൂടെ ലോറി കയറിയെന്നുമാണ് ദൃക്സാക്ഷി മൊഴി.

പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് ടിപ്പര്‍ ലോറി. പെരുമ്പാവൂരിലേക്ക് ലോഡുമായി വന്ന ലോറി ലോഡിറക്കിയ ശേഷം തിരികെ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂരിൽ അസിസ്റ്റന്റ് കൃഷി ഓഫീസറാണ് മരിച്ച എൽദോസ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്