Asianet News MalayalamAsianet News Malayalam

പരിശോധന കര്‍ശനം; മേപ്പാടി പോളിടെക്‌നിക് മേഖലയില്‍ മയക്കുമരുന്ന് എത്തിക്കുന്നവരും കുടുങ്ങും

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കോളേജിലെ 'ട്രാബിയോക്ക്' എന്ന കൂട്ടായ്മയില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍

police and excise tightens search for drug use in meppadi carriers also will be nabbed
Author
First Published Dec 6, 2022, 9:32 PM IST

കല്‍പ്പറ്റ: തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മേപ്പാടി ഗവ. പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികളുടെ താമസസ്ഥലങ്ങളില്‍ പൊലീസും എക്‌സൈസും പരിശോധന നടത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നാലു വിദ്യാര്‍ഥികളുടെയും ഇവരുടെ സുഹൃത്തുക്കളുടെയും താഞ്ഞിലോട്, കടൂര്‍, അമ്പലക്കുന്ന് എന്നിവിടങ്ങളിലെ അഞ്ച് വാടക വീടുകളിലായിരുന്നു പരിശോധന. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, നര്‍ക്കോട്ടിക് സെല്ലിന്റെ ചുമതലയും വഹിക്കുന്ന എന്‍.ഒ. സിബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. 

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന കോളേജിലെ 'ട്രാബിയോക്ക്' എന്ന കൂട്ടായ്മയില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുകവലിക്കാനായി ഉപയോഗിച്ച രണ്ടു പാത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. താഞ്ഞിലോട്ടെ വാടകവീട്ടില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. ചൊവ്വാഴ്ചയായിരുന്നു മേപ്പാടി പോളിടെക്‌നിക്ക് പരിസരത്തും ഹോസ്റ്റല്‍ പരിസരത്തും എക്‌സൈസിന്റെ പരിശോധന. പോളിടെക്‌നിക് കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് സ്‌പെഷ്യല്‍സ്‌കോഡും കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് സംഘവും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവുമായി ചേര്‍ന്നായിരുന്നു പരിശോധന. 

കോളേജ് അധികൃതരെ കണ്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ഇന്നലെ കോളേജില്‍ ചേര്‍ന്ന് യോഗത്തില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട ലഹരി വിരുദ്ധ, എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മേഖലയില്‍ രഹസ്യനിരീക്ഷണം നടത്തും. അതേ സമയം സംഘര്‍ഷത്തിന്റെ ഭാഗമായി റിമാന്‍ഡില്‍ കഴിയുന്നവരുള്‍പ്പെടെ ലഹരി ഉപയോഗത്തില്‍ പങ്കാളികളാണെന്ന് പൊലീസ് അറിയിച്ചു. അമ്പലക്കുന്നിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോളേജ് ലാബുകളില്‍ ഉപയോഗിക്കുന്ന ഒരു ഫങ്ഷണല്‍ ജനറേറ്ററും പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ജനറേറ്റര്‍ കോളേജില്‍നിന്ന് മോഷണംപോയതാണെന്നും വ്യക്തമായി. ജനറേറ്റര്‍ മോഷ്ടിച്ചതിന് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരിശോധന നടക്കുന്ന സമയങ്ങളില്‍ താമസ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഒഴിഞ്ഞ് പോയിരുന്നു. എന്നാല്‍ വീടുകളുടെയെല്ലാം ഉടമസ്ഥരെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. 

പരിശോധന തുടരുമെന്നും ലഹരി എത്തിക്കുന്ന കണ്ണികളെ നിരീക്ഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ മേപ്പാടി കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമസംഭവങ്ങളില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എ.ബി. വിമല്‍, എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരി എന്നിവരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ സംഘടനകളുടെ ആരോപണ പ്രത്യോരോപണങ്ങള്‍ തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios