പൂഴിക്കാട് 42കാരി സജിതയെ കൊന്ന പങ്കാളി ഷൈജുവിനായി പൊലീസിന്‍റെ വ്യാപക തിരച്ചിൽ
പത്തനംതിട്ട: പൂഴിക്കാട് 42കാരി സജിതയെ കൊന്ന പങ്കാളി ഷൈജുവിനായി പൊലീസിന്‍റെ വ്യാപക തിരച്ചിൽ. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു കേരളം വിട്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് സജിതയെ തലക്കടിച്ച് കൊന്നത്.
പന്തളത്തിന് സമീപം പൂഴിക്കാട് തച്ചിരേത്ത് താമസിച്ചിരുന്ന മുളക്കുഴ സ്വദേശി സജിതയെ ഷൈജു കൊന്നത് വെള്ളിയാഴ്ച രാത്രിയിൽ. കമ്പിവടികൊണ്ട് തലക്കടിക്കുകയായിരുന്നു. സജിത മരിച്ചെന്ന് ഉറപ്പിച്ച പ്രതി ഷൈജു അന്നുതന്നെ സ്ഥലം വിട്ടു. രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഷൈജു സാധാരണ പോകാറുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ഷൈജുവിന്‍റെ മൊബൈൽ ഫോൺ കൊലപാതകം നടന്ന ദിവസം മുതൽ സ്വിച്ച് ഓഫ് ആണ്. കൊല്ലപ്പെട്ട സജിതയും ഷൈജുവും തമ്മിൽ പലതവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് ഷൈജു ഇയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. രണ്ടുപേരും മുമ്പ് വിവാഹം കഴിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നു.. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് 10 ഓളം പേർ ചേർന്ന് ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു.
പതിവുപോലെ ബസ് സർവ്വീസ് നിർത്തി ഫ്ലാറ്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പത്തോളം പേർ ബൈക്കിലെത്തി ആക്രമിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബസ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് കണ്ടക്ടർ കുന്നത്തുവീട്ടിൽ രാജൻ, തൃശൂർ കോടാലി സ്വദേശി രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരാണ് ആക്രമിച്ചിരിക്കുന്നതെന്നത് വ്യക്തമല്ല. അതിനാൽ തന്നെ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാർ സമരം നടത്തുന്നത്.
