ആലപ്പുഴയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ക്ലാപ്പന പ്രയാർ സൗത്ത് സ്വദേശി അഖിൽ ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ അഖിൽ ഒളിവിൽ പോകുകയായിരുന്നു. 

കായംകുളം: യുവാവിനെ ആക്രമിച്ച് കഠിനമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരിൽ പടീറ്റതിൽ അഖിലിനെ (27) ആണ് കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 25ന് രാത്രി ഒൻപതരയോടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും കൂട്ടാളികളും ചേർന്ന് അനിൽ കുമാർ എന്നയാളെ കല്ലുകൾ പൊതിഞ്ഞുകെട്ടിയ തുണി ഉപയോഗിച്ച് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അനിൽ കുമാറിന്റെ മൂക്കിനും താടിയെല്ലിനും പൊട്ടലുണ്ടായിരുന്നു.

കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ സംഭവം നടന്നതിന് പിന്നാലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ അഖിൽ എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

കരീലക്കുളങ്ങര എസ്എച്ച്ഒ പി ജെ നോബിളിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ് നിതിൻ, എഎസ്ഐ സുഭാഷ്, സിവിൽ പൊലീസ് ഓഫീസര്‍മാരായ സബീഷ്, ജയകൃഷ്ണൻ, രഞ്ജിത്ത്, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.