തലസ്ഥാനത്ത് ഫുഡ് ഡെലിവറി ജീവനക്കാരനെ ക്രൂരമായി മർദിച്ച പ്രതി പിടിയിലായി. കോഴിക്കോട് സ്വദേശി സാഹിം ആണ് പിടിയിലായത്. അമ്പലമുക്കിലെ അപ്പാർട്ട്മെന്‍റിൽ വെച്ചാണ് ഫുഡ് ഡെലിവറി ജീവനക്കാരന് മർദനമേറ്റത്.
തിരുവനന്തപുരം: ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയെന്ന കാരണത്താൽ ഫുഡ് ഡെലിവറി ജീവനക്കാരനെ ക്രൂരമായി മർദിച്ച പ്രതിയെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് താമസിക്കുന്ന കോഴിക്കോട് പാറക്കടവ് സ്വദേശി സാഹിം (36) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ അമ്പലമുക്കിലെ അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. അമ്പൂരി മായം സ്വദേശിയായ ഫുഡ് ഡെലിവറി ജീവനക്കാരനാണ് മർദനമേറ്റത്. ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിലുള്ള വിരോധം കാരണം പ്രതി പണം നൽകാൻ വൈകിക്കുകയും യുവാവിനെ അസഭ്യം പറയുകയും തുടർന്ന് ഹെൽമെറ്റ് കൊണ്ടും വീട്ടിനുള്ളിലിരുന്ന ഇസ്തിരിപ്പെട്ടി കൊണ്ടും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ഡെലിവറി ജീവനക്കാരന് പരിക്കേറ്റു. സംഭവത്തിന് ശേഷം ഡെലിവറി ജീവനക്കാരെ കുടുക്കാനും ഇയാൾ ശ്രമിച്ചെങ്കിലും പൊലീസിന് കാര്യം മനസ്സിലായതോടെ വധശ്രമക്കേസെടുക്കുകയായിരുന്നു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പേരൂർക്കട പൊലീസ് ട്രേസ് ചെയ്ത് മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


