കൊച്ചി നഗരത്തിലെ ഒരു വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതത്തെ എറണാകുളം നോർത്ത് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കൊച്ചി നഗരത്തിലെ ഒരു വീട്ടിൽ മോഷണ ശ്രമം നടത്തുന്നതിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിടികൂടുന്നതിനിടെ കയ്യിലിരുന്ന വാക്കത്തികൊണ്ട്‌ തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ പ്രതി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും പൊലിസ് പറഞ്ഞു. വീട്ടുടമയുടെ തലയ്‍ക്ക് മൂന്ന് തുന്നലുണ്ട്.

ഇന്ന് പുലർച്ചെയാണ് മരിയാർ പൂതം കൊച്ചി നഗരത്തിൽ തന്നെയുളള നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ മോഷണത്തിന് കയറിയത്. കയ്യിൽ ഒരു വാക്കത്തിയും കരുതിയാണ് ഇയാള്‍ മോഷണത്തിനെത്തിയത്. മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് തമിഴ്നാട് സ്വദേശിയായ വീട്ടുടമ ഉണർന്നു. മരിയാർ പൂതവുമായി മൽപ്പിടുത്തമായി. ഇതിനിടെ പ്രതി വാക്കത്തിക്കൊണ്ട് വീട്ടുടമയുടെ തലയ്ക്ക് വെട്ടി. ശബ്ദം കേട്ട് സമീവവാസികൾ ഓടിക്കൂടി. എല്ലാവരും കൂടി ചേർന്ന് മരിയാർ പൂതത്തെ കീഴ്‍പ്പെടുത്തി കൈകൾ കൂട്ടിക്കെട്ടി. തുടര്‍ന്ന് നോർത്ത് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 

മോഷണ രീതികൊണ്ട് പണ്ടേ തന്നെ കുപ്രസിദ്ധനാണ് മരിയാര്‍ പൂതം. വീടുകളുടെ മതിലുകള്‍ക്ക് മുകളിലൂടെ രണ്ട് വിരലിൽ വേഗത്തിൽ നടന്ന് നീങ്ങാൻ വിരുതനാണ് ഇയാള്‍. റെയിൽ പാളത്തോട് ചേർന്ന മേഖലകളിലാണ് കൂടുതലും മോഷണം നടത്തുക. കവർച്ച നടത്തി റെയിൽ പാളത്തിലൂടെ ഓടിയകലും. മരിയാർ പൂതത്തിന്‍റെ ശല്യം കുറച്ചുകാലത്തേങ്കിലും ഉണ്ടാകില്ലെന്നാണ് ഈ മേഖലയിലെ നഗരവാസികളുടെ പ്രതീക്ഷ.