പാലക്കാട്ടുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ ഇയാള്‍ അജ്മീരില്‍ കഴിഞ്ഞുവരികയായിരുന്നു.

കോഴിക്കോട്: രാസലഹരി നല്‍കി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്‌നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ്‌നാഥും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നാണ് ഇയാള്‍ കേരളത്തില്‍ നിന്ന് മുങ്ങിയത്. പാലക്കാട്ടുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ ഇയാള്‍ അജ്മീരില്‍ കഴിഞ്ഞുവരികയായിരുന്നു.

ലൊക്കേഷന്‍ പിന്തുടര്‍ന്ന് ലീസ് അജ്മീരില്‍ എത്തിയപ്പോല്‍ അജ്‌നാസ് അവിടെ നിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടയിലാണ് അറസ്റ്റ് നടന്നത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതി. കുറ്റ്യാടി സ്വദേശി തന്നെയായ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

വീട്ടുകാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയി അജ്‌നാസിന്റെ വീട്ടില്‍ എത്തിച്ച് ലഹരി നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് കുട്ടി മൊഴി നല്‍കിയത്. തന്റെ സുഹൃത്തുക്കളായ മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ വകുപ്പാണ് പ്രതിക്കെതിരേ ചുമത്തിയരുന്നത്.