ആലപ്പുഴയിൽ സമാന്തര ലോട്ടറി നടത്തിപ്പ് സംഘം പിടിയിൽ. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോട്ടറി നടത്തി പണം തട്ടുന്ന നാലുപേരാണ് അറസ്റ്റിലായത്. വാട്സ്ആപ്പ് വഴി ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പണം തട്ടിയിരുന്നത്.
ചെങ്ങന്നൂര്‍: കേരള സർക്കാർ ഭാഗ്യക്കുറിക്ക് സമാന്തരമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോട്ടറി നടത്തി പണം തട്ടുന്ന നാലംഗ സംഘത്തെ വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുകുന്ദപുരം പുത്തൻചിറ വില്ലേജിൽ കൊമ്പത്തുകടവ് തറയപുളത്ത് വീട്ടിൽ ബിനോയി (35), സഹോദരൻ ബിജോയി (38), ആലപ്പുഴ ചെറിയനാട് വില്ലേജിൽ കടയിക്കാട് ആനന്ദഭവനം വീട്ടിൽ ഷാജി ഗോപാലകൃഷ്ണൻ (46), ചെറിയനാട് വില്ലേജിൽ ചെറിവല്ലൂർ മനോജ് വില്ലയിൽ മനോജ് വർഗീസ് (46) എന്നിവരാണ് പിടിയിലായത്. വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ രാജേഷ് പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
വാട്സ്ആപ്പ് വഴി ചെറുഗ്രൂപ്പുകൾ ഉണ്ടാക്കി 'യെഴുത്ത് ലീനു' എന്ന പേരിൽ പുതിയ ലോട്ടറി എന്ന വ്യാജേനയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഉപഭോക്താക്കൾ ഗ്രൂപ്പ് അഡ്മിനെ അറിയിക്കുന്ന നാലക്ക നമ്പരിന് ക്യുആർ കോഡ് വഴി 35 രൂപ വീതം ഈടാക്കും. അതാത് ദിവസം സർക്കാർ ലോട്ടറിയുടെ ഫലം വരുമ്പോൾ അവസാന നാലക്ക നമ്പരുകൾക്ക് ലഭിച്ച സമ്മാനത്തുകകൾ വാട്സ്ആപ്പ് വഴി അയച്ച നമ്പരുകൾക്ക് ലഭിക്കുകയാണെങ്കിൽ ആ തുക ഉപഭോക്താക്കൾക്ക് ഗൂഗിൾപേ വഴി നൽകുന്നതാണ് ഇവരുടെ രീതി.
സംസ്ഥാനത്ത് തൃശൂർ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തും.
സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതിനൊപ്പം ദിവസേന ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന സാധാരണക്കാരായ കച്ചവടക്കാരെ വഞ്ചിക്കുന്നതുമാണ് ഈ സമാന്തര തട്ടിപ്പെന്ന് പൊലീസ് വ്യക്തമാക്കി. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


