കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനായ രാജേന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രാജേന്ദ്രനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസിയായ രാജീവാണ് കൊലപാതകം നടത്തിയത്.  

തിരുവനന്തപുരം: കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധൻ രാജേന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അയൽവാസിയായ രാജീവാണ് കൊലപാതകം നടത്തിയത്. രാജേന്ദ്രനും രാജീവിന്റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡിസിപി നകുൽ ദേശ്മുഖ് അറിയിച്ചു. ഈ മാസം 17-നാണ് കോവളം നെടുമംപറമ്പിൽ പാചക തൊഴിലാളിയായ രാജേന്ദ്രനെ സഹോദരിയുടെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ സംഭവിച്ച ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഫൊറൻസിക് ഡോക്ടർമാർ പോലീസിനെ അറിയിച്ചതോടെയാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീണ്ടത്.

പ്രതിയെ പിടികൂടിയത് ചോദ്യം ചെയ്യലിനൊടുവിൽ

സംഭവത്തെ തുടർന്ന് കോവളം പോലീസ് അയൽവാസിയായ രാ­ജീവിനെ ചോദ്യം ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാകാതിരുന്ന പ്രതി തെളിവുകൾ നിരത്തിയപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു. രാജീവിൻ്റെ അമ്മ മദ്യവിൽപ്പന നടത്തിയിരുന്നു. മദ്യം വാങ്ങുന്നതിനായി രാജേന്ദ്രൻ ഇവരുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. രാ­ജേന്ദ്രനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് രാ­ജീവ് പൊലീസിന് മൊഴി നൽകി.

കൊലപാതകത്തിലേക്ക് നയിച്ചത്

കൊലപാതകം നടന്ന ദിവസം പകൽ മദ്യം വാങ്ങാൻ രാ­ജേന്ദ്രൻ വീട്ടിലെത്തിയെങ്കിലും രാജീവ് മദ്യം നൽകിയില്ല. തുടർന്ന് രാജേന്ദ്രൻ രാജീവിൻ്റെ അമ്മയെ പിടിച്ചുതള്ളുകയും അവരുടെ കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. രാത്രിയിൽ രാജീവ് ടെറസിൽ കയറിയപ്പോഴാണ് തൊട്ടടുത്ത വീടിൻ്റെ ടെറസിൽ രാജേന്ദ്രൻ നിൽക്കുന്നത് കണ്ടത്. അവിടെവെച്ച് രാജേന്ദ്രനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് രാജേന്ദ്രന്റെ സഹോദരി തിരക്കുന്നതിനിടയിൽ മൃതദേഹം കണ്ടെത്തിയത്. രാജേന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ശബരിമലയിൽ പോയ പ്രതി നാട്ടിലൊക്കെ കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയതും ചോദ്യം ചെയ്തതും. രാജീവ് കുറ്റം സമ്മതിച്ചതായി ഡിസിപി നകുൽ ദേശ്മുഖ് അറിയിച്ചു.