വാഹനത്തിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്രതികൾ പൊലീസിനെ അസഭ്യം വിളിക്കുകയും ഇരുമ്പുവള ഉപയോഗിച്ച് നസിമൂദീന്‍റെ വലതുകൈയിൽ ഇടിക്കുകയും ചെയ്തു.
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഹയാത്ത് റോഷൻ (32), ഇയാളുടെ സുഹൃത്ത് പൂന്തുറ സ്വദേശി സമ്പത്ത് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം നടന്നത്. വാഴമുട്ടത്ത് നിന്നും പാച്ചല്ലൂരിലേക്ക് വന്ന വാഹനം പൊലീസ് പരിശോധിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായിപൊലീസ് ഇവർ സഞ്ചരിച്ച കാറും തടഞ്ഞു. എന്നാൽ, കാറിൽനിന്ന് പുറത്തിറങ്ങിയ യാത്രക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സിപിഒ നസിമൂദീനെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്രതികൾ പൊലീസിനെ അസഭ്യം വിളിക്കുകയും ഇരുമ്പുവള ഉപയോഗിച്ച് നസിമൂദീന്‍റെ വലതുകൈയിൽ ഇടിക്കുകയും ചെയ്തു. മർദനത്തിൽ പൊലീസുകാരന്‍റെ കൈവിരലുകൾക്ക് പൊട്ടലേൽക്കുകയും കൈയ്ക്ക് പരുക്കേൽക്കുകയുമുണ്ടായതോടെ മറ്റ് പൊലീസുകാർ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായി. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പ്രതികൾക്കെതിരെ തിരുവല്ലം പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.


