കൊല്ലം ജില്ലയിൽ ബിജെപി ഭരണമുള്ള ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒൻപതും എൽഡിഎഫിന് ആറും യുഡിഎഫിന് എട്ടുമായിരുന്നു കക്ഷി നില.

കൊല്ലം: രാഷ്ട്രീയ കൂറുമാറ്റ നാടകങ്ങൾക്ക് വേദിയായ കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ വികസന പ്രവര്‍ത്തനങ്ങൾ അവതാളത്തിൽ. വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടുകളും വടംവലികളും കാരണം നിരവധി പദ്ധതികളാണ് താളം തെറ്റുന്നത്. വികസന മുരടിപ്പിന്‍റെ പേരിൽ എൽഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ താഴയിറക്കിയ കോൺഗ്രസ്, ബിജെപി പിന്തുണയോടെ തന്നെ ഒടുവിൽ അധികാരത്തിലെത്തിയതാണ് അവാസന രാഷ്ട്രീയ നാടകം.

കൊല്ലം ജില്ലയിൽ ബിജെപി ഭരണമുള്ള ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒൻപതും എൽഡിഎഫിന് ആറും യുഡിഎഫിന് എട്ടുമായിരുന്നു കക്ഷി നില. ഭരണത്തിന്‍റെ പിടിപ്പികേടും അഴിമതിയും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസമാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസായത്. കഴിഞ്ഞ സാന്പത്തിക വര്‍ഷം മൂന്നുകോടി രൂപ പാഴായെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനിടയിലാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ ചേരിതിരിഞ്ഞുള്ള നീക്കം നടന്നത്. 

അഞ്ച് ബിജെപി അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചപ്പോൾ ഭരണം മാറി. പാര്‍ട്ടി വിട്ട ബിജെപി വിമതരായ നാലുപേര്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് അവിശുദ്ധ കൂട്ടുകെട്ട് പോരിൽ എൽഡിഎഫും കക്ഷി ചേര്‍ന്നെങ്കിലും കളംപിടിച്ചത് യുഡിഎഫാണ്. രാഷ്ട്രീയ കൂറ് മാറ്റവും പ്രതിപക്ഷ അംഗങ്ങളുടെ നിസ്സഹകരണത്തിലും വാര്‍ഷിക ധനകാര്യ പത്രിക പോലും പാസാക്കാൻ പാടുപെടുന്ന പഞ്ചായത്തിൽ ഭരണം സ്തംഭിച്ച മട്ടിലാണ്. 

സ്ഥിരതയില്ലാത്ത ഭരണസമിതിയും തുടരെയുള്ള കൂറുമാറ്റങ്ങളുമാണ് പ്രധാനപ്രതിസന്ധി. ബിജെപി പിന്തുണയിൽ ലഭിച്ച പദവികൾ ഒഴിയണമെന്ന് ഡിസിസി ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും വഴങ്ങിയിട്ടില്ല. വികസനം വഴിമുട്ടിയ പഞ്ചായത്തിൽ പുതിയ ഭരണസമിതിയും എത്രകാലത്തേക്കെന്നതാണ് ചോദ്യ ചിഹ്നം ?. രാഷ്ട്രീയ നാടകങ്ങള്‍ പതിവ് പോലെ തുടരുമ്പോള്‍ അടിസ്ഥാന വികസനങ്ങള്‍ പോലുമെത്താതെ വലയുകയാണ് കല്ലുവാതുക്കൽ പഞ്ചായത്തിലെ ജനം.

Read More : 'രാജ്യ സുരക്ഷയ്ക്ക് ഭീഷണി, വ്യാപക റെയ്ഡ്, അറസ്റ്റിലായത് 247 പേർ'; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ട് ഒരു വർഷം