തൃശൂര്‍ വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണിയായ 20 വയസ്സുകാരിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ആറുമാസം മുന്‍പ് പ്രണയവിവാഹം കഴിഞ്ഞ അര്‍ച്ചനയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. ഇവർ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


