Asianet News MalayalamAsianet News Malayalam

പുതിയ കെട്ടിടമുണ്ട് പക്ഷേ ആശുപത്രി മാറ്റിയില്ല, അസൗകര്യങ്ങളുടെ നടുക്ക് പുല്‍പ്പള്ളിയിലെ ആരോഗ്യകേന്ദ്രം

പഴയ കെട്ടിടത്തില്‍ നിന്ന് പുതിയതിലേക്ക് ആശുപത്രി മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് കൊവിഡ് സെന്ററായി കെട്ടിടം ഏറ്റെടുത്തതോടെയാണ് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തടസ്സമായത്.

pulpally hospital got new building but still working in old building
Author
First Published Dec 12, 2022, 8:38 PM IST

സുല്‍ത്താന്‍ബത്തേരി: മൂന്ന് കോടിയലധികം ചെലവിട്ട് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടും അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടി പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം. ചികിത്സക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കാനുള്ള സൗകര്യമുള്ള കെട്ടിടമുള്ളപ്പോഴാണ് ഈ അവസ്ഥ. 2 വര്‍ഷം മുമ്പാണ് മൂന്നു കോടിയോളം രൂപ ചെലവഴിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിക്കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നുനിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്. പഴയ കെട്ടിടത്തില്‍ നിന്ന് പുതിയതിലേക്ക് ആശുപത്രി മാറ്റാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് കൊവിഡ് സെന്ററായി കെട്ടിടം ഏറ്റെടുത്തതോടെയാണ് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തടസ്സമായത്.

നടപടി നീണ്ടുപോകുകയും പുതിയ കെട്ടിടത്തിന് ചുറ്റും കാട് മൂടുകയും ചെയ്തു. കൊവിഡ് കാലമൊക്കെ കഴിഞ്ഞെങ്കിലും ആശുപത്രി പുതിയ കെട്ടിടത്തില്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പരിസരമാകെ കാടുമൂടി ഉപയോഗശൂന്യമായി കിടക്കുകയാണ് നിലവില്‍ പുതിയ കെട്ടിടം. ഡയാലിസിസ് യൂണിറ്റ്, ഐ.സി.യു, കിടത്തിച്ചികിത്സ സൗകര്യം, മോര്‍ച്ചറി തുടങ്ങിയ സംവിധാനങ്ങളോടെയാണ് പുതിയ ആശുപത്രിക്കെട്ടിടം താഴെയങ്ങാടിയില്‍ പണിതുയര്‍ത്തിയത്. മുള്ളന്‍കൊല്ലി, പുല്‍പള്ളി, പൂതാടി ഗ്രാമപ്പഞ്ചായത്തുകളിലെ സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട ആശുപത്രിക്കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാത്തതില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന സ്ഥിതിയാണ് നിലവിലെ ആശുപത്രിയിലുള്ളത്. പലപ്പോഴും രോഗികളുടെ നിര ആശുപത്രി കവാടം വരെയെത്താറുണ്ട്.

മൂന്നു പഞ്ചായത്തുകളിലെ ആളുകള്‍ക്ക് ആശ്രയമാകേണ്ടിയിരുന്ന സാമൂഹികാരോഗ്യകേന്ദ്രം മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍  മറ്റിടങ്ങളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്ന കേന്ദ്രമായി മാറുന്നുവെന്ന പരാതിയും നാട്ടുകാര്‍ പങ്കുവെക്കുന്നു. കിടത്തിച്ചികിത്സയ്ക്ക് നിലവില്‍ സൗകര്യമുണ്ടെങ്കിലും രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ രോഗികളെ അഡ്മിറ്റ് ചെയ്യാതെ ബത്തേരി തലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാറാണ് ഇവിടുത്തെ പതിവ്. ആശുപത്രിയില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ പറയുന്നത്.

ഒരു സിവില്‍ സര്‍ജനും നാല് അസിസ്റ്റന്റ് സര്‍ജന്മാരും സായാഹ്ന ഒ.പി. ഡോക്ടറുമടക്കം ആറ് തസ്തികയാണ് നിലവില്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലുള്ളത്. രാത്രിയിലും രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കണമെങ്കില്‍ ആര്‍.എം.ഒ.യെ നിയമിക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, പനമരം പഞായത്തുകളിലുള്ളവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാനുള്ള സാഹചര്യമാണ് ഇത്തരത്തില്‍ മുടങ്ങിക്കിടക്കുന്നത്. 

Follow Us:
Download App:
  • android
  • ios