ക്വാറി ആരംഭിക്കാന്‍ പോകുന്നത് ശശിമലക്കുന്നിനോട് ചേര്‍ന്ന മലയുടെ മുകള്‍ഭാഗത്താണെന്ന് നാട്ടുകാര്‍ പറയുന്നു.

പുല്‍പ്പള്ളി: വയനാട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലിയില്‍ കരിങ്കല്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വേനല്‍ എത്തും മുന്‍പ് തന്നെ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും കടുത്ത ജലക്ഷാമം നേരിടുന്ന പഞ്ചായത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടേണ്ടി വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ക്വാറി ആരംഭിക്കാന്‍ പോകുന്നത് ശശിമലക്കുന്നിനോട് ചേര്‍ന്ന മലയുടെ മുകള്‍ഭാഗത്താണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് വയനാട് വന്യജീവി സങ്കേതത്തില്‍നിന്നു പത്തും ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍നിന്ന് ഒന്നര കിലോമീറ്ററും മാത്രമാണ് ദൂരം. അതിനാല്‍ നിലവിലെ നിയമപ്രകാരം പ്രദേശത്ത് കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ പാടില്ലെന്നും ചണ്ണോത്തുകൊല്ലി ക്വാറിവിരുദ്ധ സമരസമിതിയും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മുള്ളന്‍കൊല്ലിയിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധസമിതി, ക്വാറികള്‍ തുടങ്ങിയാല്‍ കുടിവെള്ളത്തെയും കൃഷിയെയും മണ്ണ് സംരക്ഷണത്തെയും റോഡുകളെയും ഇത് സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ റിപ്പോര്‍ട്ടുകളെയെല്ലാം മുഖവിലക്കെടുക്കാതെയാണ് പ്രദേശത്ത് വീണ്ടും ക്വാറി ആരംഭിക്കാനുള്ള നീക്കം സജീവമായി നടക്കുന്നതെന്നാണ്. സമരസമിതി പറയുന്നത്. അതേ സമയം ജനവികാരം മാനിക്കാതെ പ്രദേശവാസികളായ ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാതെ ക്വാറികളുടെ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.